Connect with us

myl

യൂത്ത് ലീഗ് പുനഃസംഘടനക്ക് പിന്നാലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വിള്ളല്‍; പി കെ ഫിറോസ് വിഭാഗം രണ്ടായി

ഭാരവാഹികളെ തീരുമാനിക്കാനുള്ള യോഗത്തില്‍ പി കെ ഫിറോസ് ഗ്രൂപ്പ് ധാരണകള്‍ പ്രകാരമുള്ള പേരുകള്‍ ഉന്നയിക്കാത്തിനെത്തുടര്‍ന്നാണ് ദീര്‍ഘകാലം വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലെ ഭൂരിപക്ഷം പേരേയും ഒപ്പം നിര്‍ത്തിയ ഗ്രൂപ്പ് രണ്ടായി പിളര്‍ന്നിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | യൂത്ത് ലീഗ് ഭാരവാഹികളെ നിശ്ചയിച്ചതിന് പിന്നാലെ സംഘടനയിലെ പി കെ ഫിറോസ് ഗ്രൂപ്പ് നെടുകെ പിളര്‍ന്നു. ഭാരവാഹികളെ തീരുമാനിക്കാനുള്ള യോഗത്തില്‍ പി കെ ഫിറോസ് ഗ്രൂപ്പ് ധാരണകള്‍ പ്രകാരമുള്ള പേരുകള്‍ ഉന്നയിക്കാത്തിനെത്തുടര്‍ന്നാണ് ദീര്‍ഘകാലം വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലെ ഭൂരിപക്ഷം പേരേയും ഒപ്പം നിര്‍ത്തിയ ഗ്രൂപ്പ് രണ്ടായി പിളര്‍ന്നിരിക്കുന്നത്. പി കെ ഫിറോസ്- അശ്‌റഫ് അലി കൂട്ടുകെട്ടിലും വിള്ളല്‍ വീണെവെന്നാണ് പുറത്ത് വരുന്ന സൂചന.

യൂത്ത് ലീഗ് ഭാരവാഹികളായി പി കെ ഫിറോസ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിയായി ഫിറോസിന് പുറമെ ട്രഷററായി ടി പി അശ്‌റഫ് അലിയേയും സഹ ഭാരവാഹിയായി പി ജി മുഹമ്മദിനേയും ഉയര്‍ത്തിക്കാണിക്കുക എന്ന ധാരണയിലേക്ക് എത്തിയിരുന്നു. എന്നാല്‍, സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പി കെ ഫിറോസ്, അശ്‌റഫ് അലിയുടേും പി ജി മുഹമ്മദിന്റേയും പേരുകള്‍ മുന്നോട്ട് വെച്ചില്ല. ഇതാണ് ഗ്രൂപ്പ് പിളരാന്‍ കാരണം എന്നാണ് സൂചന.

ലീഗ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച കെ എം ഷാജി പക്ഷക്കാരായ ആശിഖ് ചെലവൂര്‍, അന്‍വര്‍ സാദത്ത് എന്നിവരെ വെട്ടി ഭാരവാഹ്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ പി കെ ഫിറോസ് തന്റെ ഗ്രൂപ്പുകാരായ പി ജി മുഹമ്മദിനേയും ബലി നല്‍കി എന്നാണ് ഗ്രൂപ്പിനുള്ളില്‍ ഉയരുന്ന വികാരം. ഇതേ ഗ്രൂപ്പിലുള്ള വി കെ എം ശാഫിക്കും സ്ഥാനമൊന്നും ലഭിച്ചില്ല. ടി പി അഷ്‌റഫലിയുടെ കാര്യത്തില്‍ സാദിഖലി തങ്ങളുടെ നിലപാട് നിര്‍ണായകമായെങ്കിലും പി കെ ഫിറോസിന്റെ മൗനം പാലിച്ചത് അതിന് കരുത്ത് പകര്‍ന്നെന്ാണ് ഗ്രുപ്പിലെ അസംതൃപ്തര്‍ കരുതുന്നത്.

മുനവ്വറലി തങ്ങളുടെ അടപ്പക്കാരായവര്‍ക്ക് യോഗ്യതയും സംഘടനാ പരിചയവും ഇല്ലാതിരുന്നിട്ടും സ്ഥാനങ്ങള്‍ ലഭിച്ചു എന്ന പരാതിയും സംഘടനയില്‍ ഉയരുന്നുണ്ട്. ഇരട്ട പദവി ഉള്ളവരേയും ഇത്തരത്തില്‍ മുനവ്വറലി തങ്ങളുടെ അടുപ്പക്കാരാണ് എന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ നല്‍കി എന്നും വിമര്‍ശനം ഉയരുന്നുണ്ട്.