Connect with us

International

ഖാർകിവിൽ റഷ്യയുടെ കരയാക്രമണം

എണ്ണ സംസ്‌കരണ പ്ലാന്റ് ആക്രമിച്ച് യുക്രൈൻ

Published

|

Last Updated

കീവ് | വടക്കുകിഴക്കൻ ഖാർകിവ് മേഖലയിൽ അപ്രതീക്ഷിത കരയാക്രമണം നടത്തി റഷ്യ. കനത്ത പോരാട്ടത്തിനിടയിൽ അതിർത്തി പ്രദേശങ്ങളിലുള്ള സാധാരണക്കാരോട് പലായനം ചെയ്യാൻ യുക്രൈൻ അധികൃതർ നിർദേശിച്ചതിന് പിറകെയാണ് അക്രമണം. റഷ്യ കനത്ത പ്രത്യാക്രമണ നടപടികൾക്കാണ് തുടക്കമിട്ടതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യ യുക്രൈനിലേക്ക് ഒരു കിലോമീറ്റർ മുന്നേറിക്കഴിഞ്ഞെന്നും റഷ്യൻ പ്രദേശത്തേക്കുള്ള ആക്രമണങ്ങൾ തടയാൻ സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഉന്നത യുക്രൈൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

2022 ഫെബ്രുവരിക്കു ശേഷമുള്ള മേഖലയിലെ റഷ്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ കര യാക്രമണമാണിത്. റഷ്യയുടെ നുഴഞ്ഞുകയറ്റത്തെ തുടർന്ന് സൈന്യം ആക്രമണം കടുപ്പിച്ചെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഖാർകിവ് മേഖലയുടെ അതിർത്തിക്കടുത്തുള്ള പ്രദേശത്ത് റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, റഷ്യയിലെ ബഷ്‌കിരിയ മേഖലയിലെ പ്രധാന എണ്ണ സംസ്‌കരണ പ്ലാന്റിനു നേരെ യുക്രൈൻ ഡ്രോാൺ ആക്രമണം നടത്തി. 1,500 കിലോമീറ്റർ അകലെ നിന്നായിരുന്നു ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ആക്രമണമാണിത്. തെക്കൻ റഷ്യയിലെ രണ്ട് എണ്ണ ഡിപ്പോകളും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. സുപ്രധാന ഊർജ സ്ഥാപനങ്ങൾ ആക്രമിച്ച് മുൻനിര റഷ്യൻ സേനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ് യുക്രൈനെന്ന് കീവ് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.

ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ഏറ്റവും വലിയ ഓയിൽ പ്ലാന്റിലെ പമ്പിംഗ് സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി എമർജൻസി സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണമുണ്ടായിട്ടും പ്ലാന്റ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മേഖലാ ഗവർണർ പറഞ്ഞു. അതേസമയം, ഡ്രോൺ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നും ഏത് തരത്തിലുള്ള ഉപകരണമാണെന്നും സ്ഥിരീകരിച്ചിട്ടില്ല.

1,500 കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണുകൾ റഷ്യയുടെ സൈനിക സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന റിഫൈനറികളും എണ്ണ ഡിപ്പോകളും ലക്ഷ്യമിട്ടതായി കീവ് പറഞ്ഞു. അതേസമയം, ഇത്തരം ആക്രമണങ്ങൾ തീവ്രവാദ പ്രവർത്തനമാണെന്നാണ് മോസ്‌കോ പറയുന്നത്.
ഈ വർഷം ആദ്യം മുതൽ റഷ്യയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങൾക്കു നേരെ കീവ് ഡ്രോൺ ആക്രമണം ശക്തമാക്കിയെന്നും റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 15 ശതമാനം തടസ്സപ്പെടുത്തിയെന്നും നാറ്റോ ഉദ്യോഗസ്ഥൻ ഏപ്രിൽ ആദ്യം പറഞ്ഞിരുന്നു. റഷ്യയുടെ തെക്കൻ ക്രാസ്‌നോദർ മേഖലയിലെ അനപ നഗരത്തിന് സമീപമുള്ള രണ്ട് എണ്ണ ഡിപ്പോകളിലും ഡ്രോണുകൾ ആക്രമണം നടത്തിയതായി യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു.

Latest