International
യുക്രൈനിൽ റഷ്യയുടെ ശക്തമായ വ്യോമാക്രമണം; പ്രയോഗിച്ചത് 158 ഡ്രോണുകളും മിസൈലുകളും; നിരവധി മരണം
27 ഡ്രോണുകളും 87 ക്രൂയിസ് മിസൈലുകളും യുക്രൈൻ വ്യേമ പ്രതിരോധ സംവിധാനം തകർത്തതായി യുക്രൈൻ സൈനിക മേധാവി
കീവ് | യുക്രൈനിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. യുക്രൈനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ 158 ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായി യുക്രൈൻ സൈനിക മേധാവി ടെലിഗ്രാം ആപ്പിൽ വ്യക്തമാക്കി. യുക്രൈന് എതിരെ റഷ്യ നടത്തുന്ന ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് വെള്ളിയാഴ്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക കേന്ദ്രങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 27 ഡ്രോണുകളും 87 ക്രൂയിസ് മിസൈലുകളും യുക്രൈൻ വ്യേമ പ്രതിരോധ സംവിധാനം തകർത്തതായും യുക്രൈൻ സൈനിക മേധാവി അറിയിച്ചു. ഹൈപ്പർസോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നും വ്യോമസേന അറിയിച്ചു.
ആക്രമണത്തിൽ ചുരുങ്ങിയത് പത്ത് പേർ കൊല്ലപ്പെട്ടതായും 60ൽ അധികം പേർക്ക് പരുക്കേറ്റതായും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിപ്രോയിലെ സൈനിക ആശുപത്രി ആക്രമണത്തിൽ തകർന്നു. ലിവിവിലെ നിരവധീ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണത്തെ തുടർന്ന് നാല് മേഖലകളിൽ വൈദ്യുതി മുടങ്ങിയതായി ഊർജ മന്ത്രാലയവും അറിയിച്ചു.
ഊർജ സംവിധാനത്തെ ലക്ഷ്യമിട്ട് ഒരു വലിയ വ്യോമാക്രമണം നടത്താൻ റഷ്യ മിസൈലുകൾ സംഭരിച്ചേക്കുമെന്ന് യുക്രൈൻ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം റഷ്യ നടത്തിയ ആക്രമണത്തിൽ പവർ ഗ്രിഡ് തകർന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിലായിരുന്നു.