russian attack on ukrain
യുക്രൈനില്‍ റഷ്യയുടെ വന്‍ ആക്രമണം; 50 മരണം
ഗ്രോസറി സ്‌റ്റോറിലാണ് റഷ്യ ആക്രമണം നടത്തിയത്.
ഖര്‍കീവ് | വടക്കുകിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യയുടെ ലക്ഷ്യം വംശീയ ഉന്മൂലനമാണെന്നും ഇത് ക്രൂരമായ കുറ്റകൃത്യമാണെന്നും സെലന്‍സ്‌കി സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അറിയിച്ചു. ഖര്‍കീവ് മേഖലയിലെ കുപ്ലാന്‍സ്‌കിന് സമീപം റോസയിലെ ഗ്രോസറി സ്‌റ്റോറിലാണ് റഷ്യ ആക്രമണം നടത്തിയത്.
പ്രാദേശിക സമയം ഉച്ചക്ക് 1.15നാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറ് വയസ്സുകാരനുമുണ്ട്. പ്രദേശവാസിയുടെ മരണത്തെ തുടര്‍ന്ന് പ്രാദേശിക കഫെയില്‍ ഒത്തുകൂടിയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൂടുതൽ ആൾനാശമുണ്ടായ വലിയ ആക്രമണങ്ങളിലൊന്നാണിത്. ആറ് വയസ്സുകാരിക്കടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്‌കന്ദര്‍ മിസൈല്‍ ആണ് റഷ്യ ഉപയോഗിച്ചതെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലിമെങ്കോ പറഞ്ഞു.