International
ഫിഫ, യുവേഫ വിലക്കിനെതിരെ അപ്പീലുമായി റഷ്യ
മോസ്‌കോ | ഫിഫയും യുവേഫയും തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീലുമായി റഷ്യ. പോളണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. ഫുട്‌ബോള്‍ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ക്ലബുകളെ വിലക്കുകയാണ് യുവേഫ ചെയ്തത്. രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നാണ് റഷ്യന്‍ ദേശീയ ടീമിനെ ഫിഫ വിലക്കിയത്.
യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നതും നിര്‍ത്തിയിരുന്നു. റഷ്യന്‍ ടി വിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്ലബുകള്‍ തീരുമാനിച്ചതോടെയാണിത്. സീസണ്‍ അവസാനം വരെയായിരുന്നു റഷ്യന്‍ ടി വിക്ക് പ്രീമിയര്‍ ലീഗുമായി കരാറുണ്ടായിരുന്നത്. ഇത് റദ്ദാക്കിയതായി പ്രീമിയര്‍ ലീഗ് അറിയിക്കുകയായിരുന്നു.