International
ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമും നിരോധിച്ച് റഷ്യ
റഷ്യന്‍ സൈന്യത്തിനെതിരെ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് നയിച്ചത്.
ന്യൂഡല്‍ഹി| ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമും നിരോധിച്ച് റഷ്യ. റഷ്യയുടെ ഐടി റെഗുലേറ്റിംഗ് ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യന്‍ അനുകൂല വിവരങ്ങള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നടപടി കനത്തപ്പോഴാണ് വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിനെതിരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
റഷ്യന്‍ സൈന്യത്തിനെതിരെ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം. റഷ്യ സ്വീകരിച്ച ഈ നടപടി തീര്‍ത്തും മോശമാണെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു. നിരോധനം പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് നിരോധനം പ്രബല്യത്തില്‍ വരുക എന്നാണ് റഷ്യന്‍ അധികാരികള്‍ അറിയിക്കുന്നത്.
ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ആദ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതിന് പിന്നാലെ ഫേസ്ബുക്കിന് പൂര്‍ണ്ണമായ നിരോധനം വന്നു.