Connect with us

Lokavishesham

റഷ്യ തിരഞ്ഞെടുപ്പ് ; ജനായത്തം അപഹരിക്കപ്പെട്ട വഴി

ഒറ്റക്ക് നയിക്കുന്ന നായകന്‍. എല്ലാ പ്രചാരണങ്ങളെയും മറികടക്കാന്‍ ഈ പ്രതിച്ഛായ മതിയായിരുന്നു പുടിന്. ഈ പരീക്ഷണ കാലത്ത് ശക്തമായ ഭരണകൂടം വേണം. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കാലത്ത് ഭരണ സ്ഥിരത വേണം. യുക്രൈന്‍ അധിനിവേശത്തിന്റെ വിളവെടുപ്പാണ് പുടിന്റെ അഞ്ചാമൂഴം. അത് സ്വര്‍ണത്തളികയില്‍ സമ്മാനിച്ചത് പാശ്ചാത്യ ശക്തികളാണ്.

Published

|

Last Updated

ഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. വ്‌ളാദിമിര്‍ പുടിന്‍ അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ടു. അതിനെ ഒരു തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമോയെന്ന ചോദ്യമുയര്‍ത്തുന്നവരുണ്ട്. പുടിന്‍ മറ്റൊരു ഊഴത്തിലേക്ക് അധികാരമുറപ്പിക്കുകയെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ട ഫലമായിരുന്നു. അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ അല്‍പ്പമെങ്കിലും സാധ്യതയുള്ളവരാരും സ്ഥാനാര്‍ഥി പട്ടികയിലില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ചിലരുടെ സ്ഥാനാര്‍ഥിത്വം വിലക്കി. ചിലരെ നാടു കടത്തി.

ഏക കക്ഷി തിരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ കിട്ടുക. ഇതൊക്കെ റഷ്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സവിശേഷതയാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവനായ പുടിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പാശ്ചാത്യ നീക്കത്തിന്റെ ഭാഗമാണ് എതിര്‍ പ്രചാരണങ്ങളെന്നും പുടിന്‍ പക്ഷപാതികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. റഷ്യക്ക് ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ വ്‌ളാദിമിര്‍ പുടിന്‍ ഇല്ലാതെ മുന്നോട്ട് പോകാനാകില്ല എന്നത് യാഥാര്‍ഥ്യമാണ്. ആ ഒരൊറ്റ ഘടകത്തെ ആസ്പദമാക്കി മാത്രമേ പുടിന്റെ അധികാരത്തുടര്‍ച്ചയെ ചെറുതായെങ്കിലും ന്യായീകരിക്കാനാകുകയുള്ളൂ.

യുക്രൈന്‍ യുദ്ധത്തെ കുറിച്ചുള്ള ഹിതപരിശോധനയായി തിരഞ്ഞെടുപ്പിനെ അവതരിപ്പിക്കാനാണ് പുടിന്‍ അനുകൂല മാധ്യമങ്ങളും റഷ്യന്‍ ഭരണകൂടവും ശ്രമിച്ചത്. പ്രസിഡന്റ് തോല്‍ക്കുന്നത് യുദ്ധം തോല്‍ക്കുന്നതിന് സമാനമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ദേശീയത കത്തിച്ചു നിര്‍ത്തുകയെന്ന പരമ്പാരഗത ആയുധം തന്നെയായിരുന്നു പ്രയോഗിച്ചത്. രാജ്യത്തെ വരിഞ്ഞു മുറുക്കുന്ന പാശ്ചാത്യ ശക്തികളോടുള്ള അതിശക്തമായ പ്രതിഷേധം റഷ്യന്‍ ജനതയില്‍ പ്രകടമായിരുന്നു.

പുടിനെതിരെ ഉയര്‍ത്തിയ ജനാധിപത്യപരമായ ചോദ്യങ്ങളും നവാല്‍നി അടക്കമുള്ള വിമര്‍ശകര്‍ക്ക് സംഭവിച്ച ദാരുണ അന്ത്യവുമെല്ലാം അവരുടെ മുന്നിലുണ്ടായിട്ടും തീവ്ര ദേശീയതയുടെ ഹിസ്റ്റീരിയയിലേക്ക് നയിക്കാന്‍ പാശ്ചാത്യരോടുള്ള ശത്രുത പര്യാപ്തമായിരുന്നു. ഈ ശത്രുത ഭരണകൂടം തന്നെ സൃഷ്ടിച്ചതാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നത് മറ്റൊരു കാര്യം. ഇത് എവിടെയും നടക്കാവുന്ന രാഷ്ട്രീയ അട്ടിമറിയാണ്. ബാലാകോട്ട് ആക്രമണവും അതിന് ഹേതുവായ പുല്‍വാമ ആക്രമണവും എങ്ങനെയുണ്ടായി എന്ന് ഇഴകീറി പരിശോധിച്ചല്ലല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ (പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍) എന്‍ബ്ലോക്കായി ഇന്ത്യക്കാര്‍ പിന്തുണച്ചത്. ഭരണകൂടം സൃഷ്ടിച്ച പാക്‌വിരുദ്ധതയുടെ ഹിസ്റ്റീരിയയില്‍ ഒരിക്കല്‍കൂടി അകപ്പെടുകയാണ് അവര്‍ ചെയ്തത്. “രാമ ക്ഷേത്ര വിജയ’ത്തിന്റെ ഭ്രാന്താവേശത്തില്‍ ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍ വീഴുമോയെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍. അതുകൊണ്ട് പുടിന്‍ വിജയം തിരഞ്ഞെടുപ്പ് വിജയമേയല്ല എന്നല്ല പറയേണ്ടത്. ജനായത്തം അപഹരിക്കപ്പെട്ട വര്‍ത്തമാനകാല തിരഞ്ഞെടുപ്പിന്റെ ക്ലാസ്സിക് മാതൃകയാണത്.

കണക്കുകള്‍

87.97 ശതമാനം വോട്ട് നേടിയാണ് പുടിന്‍ അധികാരം നിലനിര്‍ത്തിയത്. 1999ല്‍ അന്നത്തെ പ്രസിഡന്റ് ബോറിസ് യെല്‍ട്സിന്‍ പുടിനെ പ്രധാനമന്ത്രിയാക്കുമ്പോള്‍ അത് സ്റ്റാലിനോളം സുദീര്‍ഘമായ അധികാര കേന്ദ്രീകരണത്തിന്റെ നാന്ദിയാണെന്ന് ആരും കരുതിയിരുന്നില്ല. 1999 ഡിസംബര്‍ 31ന് ബോറിസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ ആക്ടിംഗ് പ്രസിഡന്റായി. 2000 മെയില്‍ നടന്ന തിരഞ്ഞെടുപ്പോടെ പ്രസിഡന്റ് പദത്തിലെത്തി. പിന്നീട് ഒരു തവണ പ്രധാനമന്ത്രിയായും മൂന്ന് തവണ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും വിജയിക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളെല്ലാം ഒരുക്കിവെച്ചാണ് പുടിന്‍ ഗോദയിലിറങ്ങിയത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോളയ് ഖരിറ്റനോവ്, നാഷനലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലഡ്സ്‌കി, ന്യൂപീപ്പിള്‍ പാര്‍ട്ടി നേതാവ് വ്ളാദിസ്ലാവ് ഡാവന്‍കോവ് എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.

പുടിന്റെ അടുത്ത സുഹൃത്തുക്കളും യുക്രൈന്‍ യുദ്ധമുള്‍പ്പെടെ പുടിന്റെ നയങ്ങളെ അനുകൂലിക്കുന്നവരുമാണ് മൂന്ന് പേരും. എതിര്‍ പക്ഷത്ത് ബോറിസ് നദെഴ്ദിനെ പോലുള്ള ശക്തരായ സ്ഥാനാര്‍ഥികളുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് പുടിന്റെ വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ബോറിസ് നദെഴ്ദിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന അലക്‌സി നവാല്‍നി കഴിഞ്ഞ മാസമാണ് ജയിലില്‍ മരിച്ചത് (കൊല്ലപ്പെട്ടത്).

സ്റ്റേറ്റ് ടെലിവിഷന്‍ വഴിയുള്ള പ്രചണ്ഡ പ്രചാരണം, അങ്ങേയറ്റം ഫലപ്രദമായ ബ്രെയിന്‍ വാഷിംഗ്, തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ക്ഷേമ പദ്ധതികളുടെ കുത്തൊഴുക്ക്, സൈനികരുടെയും മറ്റും മുന്‍കൂര്‍ വോട്ടിംഗിലെ കള്ളക്കളികള്‍. ഇതെല്ലാം ചേർന്നാണ് പുടിന്റെ വിജയം സാധ്യമാക്കിയത്. ഇ-വോട്ടിംഗ് സംവിധാനത്തിലെ കൃത്രിമം സംബന്ധിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട്. 80 ശതമാനം വോട്ട് നേടി അധികാരമുറപ്പിക്കണമെന്നാണ് പുടിന്റെ ഏറ്റവും കടുത്ത അനുയായി പോലും കണക്കു കൂട്ടിയത്. ബാക്കി 20 ശതമാനം വോട്ട് മറ്റ് സ്ഥാനാര്‍ഥികള്‍ വീതിച്ചെടുക്കുമെന്നായിരുന്നു ഔദ്യോഗിക ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ അതും മറികടന്ന് പുടിന്‍ മുന്നോട്ട് പോയി. ആ കുതിപ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് തുടക്കത്തില്‍ പറഞ്ഞ പാശ്ചാത്യവിരുദ്ധതയുടെ രാഷ്ട്രീയവും രാജ്യം അപകടത്തില്‍ എന്ന പ്രതീതിയുടെ രാഷ്ട്രീയ പ്രയോജനവും വ്യക്തമാകുക.

ഒറ്റപ്പെടുത്തല്‍ നയം

യുക്രൈന്‍ ആക്രമണത്തിന്റെ ചുവട് പിടിച്ച് യൂറോപ്യന്‍ ശക്തികള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച “റഷ്യയെ കൊല്ല്, കൊല്ല്’ നയം പുടിന്റെ അധികാര കേന്ദ്രീകരണ, യുദ്ധോത്സുക രാഷ്ട്രീയത്തിന് ന്യായീകരണമാകുകയായിരുന്നു. യുക്രൈനെ നാറ്റോയിലും യൂറോപ്യന്‍ യൂനിയനിലും ചേര്‍ത്ത് റഷ്യക്കെതിരായ കുന്തമുനയാക്കി മാറ്റുകയാണെന്നും അത് തടയാതെ റഷ്യക്ക് നിലനില്‍പ്പില്ലെന്നുമുള്ള പുടിന്റെ വാദത്തിന് നല്ല വ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും വഴങ്ങാത്ത സ്വേച്ഛാധിപത്യ രാജ്യമായി റഷ്യ മാറുന്നത് ആഗോള ക്രമത്തിന് ഭീഷണിയാണെന്നും പുടിനെ തളര്‍ത്തിക്കൊണ്ട് മാത്രമേ ഈ സാഹചര്യം മറികടക്കാനാകൂ എന്നുമുള്ള പാശ്ചാത്യവാദത്തിന് പക്ഷേ ഈ വ്യക്തതയുണ്ടായിരുന്നില്ല.

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യ ക്ഷയിച്ചുവെന്ന പഴയ ധാരണയില്‍ പടുത്തുയര്‍ത്തിയതായിരുന്നു റഷ്യക്കെതിരായ പാശ്ചാത്യ നയം. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിപ്പോയിട്ടും ശക്തമായി നിലയുറപ്പിക്കുന്ന റഷ്യയെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞു മുറുക്കാനുള്ള അവസരമായി യുക്രൈന്‍ ആക്രമണത്തെ ഉപയോഗിക്കുകയാണെന്ന വസ്തുതയാണ് ജനാധിപത്യ സംസ്ഥാപനം പോലുള്ള സിദ്ധാന്തങ്ങളേക്കാള്‍ മുന്നിട്ടു നിന്നത്.

റഷ്യക്കെതിരെ ഏര്‍പ്പെടുത്തുന്ന ഓരോ ഉപരോധവും, യുക്രൈന് നല്‍കുന്ന ഓരോ സൈനിക സഹായവും റഷ്യക്കാരില്‍ പുടിനെ ഹീറോയാക്കി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആര് ആദ്യം യുദ്ധം തുടങ്ങിയെന്നതൊന്നും ആരും ഓര്‍ക്കുന്നില്ല. റഷ്യ-പാശ്ചാത്യ യുദ്ധമായി ഇത് പരിണമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട് നില്‍ക്കുന്ന രാജ്യം. ഒറ്റക്ക് നയിക്കുന്ന നായകന്‍. എല്ലാ പ്രചാരണങ്ങളെയും മറികടക്കാന്‍ ഈ പ്രതിച്ഛായ മതിയായിരുന്നു പുടിന്. ഈ പരീക്ഷണ കാലത്ത് ശക്തമായ ഭരണകൂടം വേണം. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കാലത്ത് ഭരണ സ്ഥിരത വേണം. യുക്രൈന്‍ അധിനിവേശത്തിന്റെ വിളവെടുപ്പാണ് പുടിന്റെ അഞ്ചാമൂഴം. അത് സ്വര്‍ണത്തളികയില്‍ സമ്മാനിച്ചത് പാശ്ചാത്യ ശക്തികളാണ്.

ഒറ്റക്ക്

രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷിയായ യുനൈറ്റഡ് റഷ്യയുടെ പിന്തുണയോടെയാണ് പുടിന്‍ മത്സരിച്ചതെങ്കിലും അദ്ദേഹം ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നില്ല, സ്വതന്ത്രനായിരുന്നു. 2012ലെ തിഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഭാഗമായി മത്സരിച്ച പുടിന്‍ പിന്നീട് ആ പരിപാടിയങ്ങ് നിര്‍ത്തി. പാര്‍ട്ടി വേണമെന്നില്ല, ഒറ്റക്ക് നില്‍ക്കാനുള്ള കെല്‍പ്പുണ്ടെന്ന പ്രഖ്യാപനമായിരുന്നു അത്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പും സെനറ്റ് തിരഞ്ഞെടുപ്പും ഇല്ലാതാക്കുകയും റീജ്യനല്‍ ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിച്ചു.

2030 വരെ അധികാരത്തില്‍ തുടരാന്‍ ഭരണഘടനാ ഭേദഗതി വരുത്തി. 72കാരനായ പുടിന്‍ ആറ് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നാല്‍ ജോസഫ് സ്റ്റാലിന്റെ റെക്കോര്‍ഡ് മറികടക്കും. ലെനിന്റെ മരണത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ നേതൃത്വം ഏറ്റെടുത്തത്. 1924 മുതല്‍ 1953ല്‍ മരിക്കും വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. 29 വര്‍ഷം. 1999ല്‍ അധികാരത്തിലേറിയ പുടിന്‍ അടുത്ത ആറ് വര്‍ഷം കൂടി പൂര്‍ത്തിയാക്കുമ്പോള്‍ സ്റ്റാലിനെ മറികടക്കും. ഷീ ജിന്‍ പിംഗിനെ ആജീവനാന്ത രാഷ്ട്രത്തലവനാക്കാന്‍ പ്ലീനം കൂടിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒത്ത കൂട്ട് തന്നെയാണ് പുടിന്‍.

യുദ്ധം

കെ ജി ബി കേണലായിരുന്ന പുടിന്‍ വിശ്വസിക്കുന്നത് സൈനിക ശക്തിയിലൂടെ സാധ്യമാകുന്ന സമാധാനത്തിലാണ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നത് തന്റെ രാജ്യത്തിന്റെ ആണവ ശക്തി ഉയര്‍ത്തിക്കാട്ടിയാണെന്നോര്‍ക്കണം. ക്രിമിയ അടക്കം റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട യുക്രൈന്‍ പ്രദേശങ്ങളില്‍ ഇത്തവണ വോട്ടെടുപ്പ് നടത്തി കൂട്ടിച്ചേര്‍ക്കല്‍ അന്തിമമാക്കി പുടിന്‍. പിടിച്ചെടുത്ത ഭൂവിഭാഗങ്ങള്‍ യുക്രൈന്‍ അടിയറ വെക്കുന്നതിലൂടെ മാത്രമേ സമാധാന ചര്‍ച്ച സാധ്യമാകൂ എന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഭരണാധികാരി ദിമിത്രി മെദ്‌വദേവ് പറഞ്ഞതാണ് നയമെങ്കില്‍ യുക്രൈന്‍ പൂര്‍ണമായി പിടിച്ചടക്കിയിട്ടേ അടങ്ങൂ. ഉപരോധത്തിന്റെയും യുക്രൈന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലും മഹാഭൂരിപക്ഷം വരുന്ന റഷ്യക്കാര്‍ പുടിനെ പിന്തുണച്ചുവെന്ന കണക്കുകള്‍ അദ്ദേഹത്തിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. ആക്രമണത്തിന്റെ പുതിയ തരംഗത്തിലേക്ക് എടുത്തുചാടാന്‍ ഇത് കാരണമായേക്കാം.

നവംബറില്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാകും ഇക്കാര്യത്തില്‍ അവസാന ഉത്തരം പറയുക. ഡൊണാള്‍ഡ് ട്രംപാണ് തിരിച്ചു വരുന്നതെങ്കില്‍ യുദ്ധവിരാമത്തിനുള്ള ചര്‍ച്ചകളെങ്കിലും നടക്കും. ട്രംപും പുടിനും തമ്മില്‍ വിചിത്രമായ ചില കൊടുക്കല്‍ വാങ്ങലുകളുണ്ട്. ബൈഡന്റെ രണ്ടാമൂഴമാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. യുക്രൈന് യു എസ് കൂടുതല്‍ സൈനിക സഹായം നല്‍കും. അത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിക്കും.

ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികള്‍ നടത്തുന്ന ക്രൂരമായ അധിനിവേശങ്ങള്‍ അനന്തമായി നീളുകയും അവ ആരെയും ഞെട്ടിക്കാത്ത നോര്‍മല്‍ അവസ്ഥയായി മാറുകയും ചെയ്യുന്ന ഭീകരമായ പരിണാമമാണ് ലോകത്താകെ കാണുന്നത്. ആദ്യം യുക്രൈനിലെ പാശ്ചാത്യ- റഷ്യ വടംവലി വാര്‍ത്തകളില്‍ നിന്ന് മാഞ്ഞു. പിന്നെ നെതന്യാഹു- യു എസ് കൂട്ടുകെട്ടിന്റെ ഗസ്സാ വംശഹത്യയും ഒറ്റക്കോളത്തിലേക്ക് പിന്‍വാങ്ങുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനക്കുമെതിരായ കടന്നു കയറ്റങ്ങളും നോര്‍മല്‍സി കൈവരിക്കുകയാണ്.

 

 

 

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest