russia v/s ukraine
കീവില്‍ ആക്രമണം ശക്തമാക്കി റഷ്യ; സാധാരണക്കാര്‍ക്ക് നഗരം വിടാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് വാഗ്ദാനം
റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വീണ്ടും വീഡിയോയിലെത്തി.
കീവ് | യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആക്രമണം ശക്തമാക്കി റഷ്യ. പ്രാദേശിക സമയമായ രാത്രി കീവില്‍ അതിശക്തമായ സ്‌ഫോടനങ്ങളാണുണ്ടായത്. പ്രധാനമായും വ്യോമാക്രമണമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രൈന്റെ വിവിധ നഗരങ്ങളില്‍ ബോംബിംഗും ഷെല്ലിംഗും റഷ്യ ശക്തമാക്കിയിട്ടുണ്ട്.
കീവിലെ സാധാരണക്കാര്‍ക്ക് നഗരം വിടാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു. മധ്യനഗരമായ വാസില്‍കീവിലേക്ക് പോകാനാണ് അവസരമൊരുക്കുക. ഇത് രണ്ടാം തവണയാണ് സാധാരണക്കാരോട് നഗരം വിടാന്‍ റഷ്യന്‍ സേന പറയുന്നത്.
അതേസമയം, റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വീണ്ടും വീഡിയോയിലെത്തി. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യവുമായി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശത്രുവിന്റെ പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ തകര്‍ത്ത രാജ്യമാണ് തങ്ങളുടെതെന്നും യുക്രൈനികളില്‍ നിന്ന് അതിശക്തമായ തിരിച്ചടിയായിരിക്കും തങ്ങള്‍ക്ക് ലഭിക്കുകയെന്ന് ഓരോ അധിനിവേശക്കാരനും അറിയണമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.