ukraine war
യുക്രൈന് നേരെ മിസൈല്‍ വര്‍ഷവുമായി റഷ്യ
120ലേറെ മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി പ്രസിഡന്‍ഷ്യല്‍ സഹായി മിഖാലോ പൊഡോല്യാക് പറഞ്ഞു.
കീവ് | യുക്രൈനെതിരെ ആക്രമണം ശക്തമാക്കി റഷ്യ. ആകാശത്തുനിന്നും കടലില്‍ നിന്നും റഷ്യ ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രൈന്‍ വ്യോമസേന പ്രസ്താവിച്ചു.120ലേറെ മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി പ്രസിഡന്‍ഷ്യല്‍ സഹായി മിഖാലോ പൊഡോല്യാക് പറഞ്ഞു.
യുക്രൈന്‍ തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ കിഴക്കുഭാഗത്തെ ഖര്‍കീവ്, പടിഞ്ഞാറന്‍ നഗരമായ ലവീവ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീവില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും പടിഞ്ഞാറ് ഭാഗത്ത് വൈദ്യുതി വിച്ഛേദനമുണ്ടാകുകയും ചെയ്തു.
അതിശൈത്യകാലത്ത് വൈദ്യുതി ബന്ധം ഇല്ലാതിരിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടാക്കും. വേനല്‍, ശിശിര കാലങ്ങളില്‍ റഷ്യക്ക് വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ശൈത്യകാലത്ത് യുക്രൈനെ നിരന്തരം ആക്രമിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രൈന്‍ ഊര്‍ജ സൗകര്യങ്ങളെയാണ് റഷ്യ ലക്ഷ്യംവെക്കുന്നത്.