National
ഇന്ത്യക്ക് ബമ്പര്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ
ഈ വര്‍ഷം 15 മില്യണ്‍ ബാരല്‍ കരാര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നതെന്നും ഇതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ
ന്യൂഡല്‍ഹി | യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്ക് എതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഉപരോധം ശക്തമാക്കുന്നതിനിടെ, ഇന്ത്യക്ക് ബമ്പര്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡ് ഓയില്‍ ഓഫര്‍ ചെയ്ത് റഷ്യ. യുദ്ധത്തിനു മുമ്പുള്ള വിലയില്‍ ബാരലിന് 35 ഡോളര്‍ കിഴിവ് വാഗ്ദാനം ചെയ്താണ് റഷ്യ രംഗത്ത് വന്നിരിക്കുന്നത്. റഷ്യയുടെ മുന്‍നിര ക്രൂഡ് ഓയിലാണ് യുറല്‍ ഗ്രേഡ് ഓയിലിനാണ് വന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം മറ്റ് പല രാജ്യങ്ങളും റഷ്യന്‍ എണ്ണയോട് വിമുഖത കാണിക്കുമ്പോള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധമായതാണ് റഷ്യയെ കൂടുതല്‍ ഇളവുകള്‍ക്ക് പ്രേരിപ്പിക്കുന്നത്.
ഈ വര്‍ഷം 15 മില്യണ്‍ ബാരല്‍ കരാര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നതെന്നും ഇതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് യൂറോപ്പിലെയും യുഎസിലെയും കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിര്‍ത്തിയതോടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ ഇളവുകള്‍ നല്‍കാന്‍ റഷ്യ തീരുമാനിച്ചത്.
റഷ്യയുടെ പണമയക്കല്‍ സംവിധാനമായ എസ്പിഎഫ്എസ് ഉപയോഗിച്ച് രൂപ – റൂബിള്‍ പേയ്‌മെന്റുകളും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ ആകര്‍ഷകമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി വിഷയം ചര്‍ച്ച ചെയ്തതായും അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റ് പിജെഎസ്‌സിയും ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നേരിട്ടുള്ള ഇടപാടുകളില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധത്തില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്ന രാജ്യങ്ങള്‍ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.