International
ഗസ്സക്കാര്‍ക്ക് 27 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചുകൊടുത്ത് റഷ്യ
റഷ്യന്‍ മാനുഷിക സഹായം ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് കൈമാറും.

മോസ്‌കോ| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഗസ്സ മുനമ്പിലെ സാധാരണക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ച് റഷ്യ. 27 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചതായി മോസ്‌കോയിലെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ മാനുഷിക സഹായം ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് കൈമാറും. ഈജിപ്തിലെ എല്‍-അരിഷിലേക്കാണ് മോസ്‌കോ റാമെന്‍സ്‌കോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനം പുറപ്പെട്ടത്.
ഗോതമ്പ്, പഞ്ചസാര, അരി, പാസ്ത എന്നിവയാണ് പ്രധാനമായും സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. സാധനങ്ങള്‍ ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് കൈമാറുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി മന്ത്രി ഇല്യ ഡെനിസോവ് പറഞ്ഞു.
ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ 10 ലക്ഷം ആളുകളാണ് ഗസ്സയില്‍നിന്ന് വീടുവിട്ട് പലായനം ചെയ്തത്. ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരും ദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗസ്സയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി. റഫാ അതിര്‍ത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്റാഈലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.