Connect with us

International

ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍; 500 ടണ്ണുള്ള നിലയം നിലംപൊത്തുമോ?

റഷ്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലയത്തീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിലയത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഇതില്‍ ഒന്ന് റഷ്യയും മറ്റൊന്ന് അമേരിക്കയും നിയന്ത്രിക്കുന്നു. ഇതില്‍ ബഹിരാകാശത്തിന്റെ ഭ്രമണപഥം നിയന്ത്രിക്കുന്നഭാഗമാണ് റഷ്യ കൈകാര്യം ചെയ്യുന്നത്. പാശ്ചാത്ത്യ രാജ്യങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധം ഈ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും നിലയം താഴെ വീഴുമെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ പറയുന്നത്.

Published

|

Last Updated

കീവ് | യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 17 ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് പുതിയ അടവുമായി രംഗത്ത് എത്തുകയാണ് റഷ്യ.

അന്താരാഷ്ട്ര ബഹിരാകാശ നിലയം വീഴാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ തലവന്‍ ഇന്ന് ഭീഷണി മുഴക്കിയത്. ഉപരോധം ശക്തിപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തിനുള്ള പിന്തുണ റഷ്യ പിന്‍വലിക്കുമെന്നാണ് ഭീഷണി. അതോടെ നിലയം താഴെ വീഴുന്ന സ്ഥിതിയുണ്ടാകും.

റഷ്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലയത്തീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിലയത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഇതില്‍ ഒന്ന് റഷ്യയും മറ്റൊന്ന് അമേരിക്കയും നിയന്ത്രിക്കുന്നു. ഇതില്‍ ബഹിരാകാശത്തിന്റെ ഭ്രമണപഥം നിയന്ത്രിക്കുന്നഭാഗമാണ് റഷ്യ കൈകാര്യം ചെയ്യുന്നത്. പാശ്ചാത്ത്യ രാജ്യങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധം ഈ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും നിലയം താഴെ വീഴുമെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ പറയുന്നത്. വര്‍ഷത്തില്‍ 11 തവണ നിലയത്തിന്റെ ഭ്രമണ പഥം ക്രമീകരിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ നിലയം താഴെ വീഴുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. 500 ടണ്‍ ഭാരമുള്ള നിലയം കരയിലോ കടലിലോ, എവിടെ വേണമെങ്കിലും നിലം പൊത്താമെന്ന് റഷ്യ പറയുന്നു. ഐ എസ് എസ് തകര്‍ന്നുവീണേക്കാവവുന്ന സ്ഥലങ്ങളുടെ ഭൂപടവും അവര്‍ പുറത്തുവിട്ടുട്ടുണ്ട. റഷ്യ ഇതില്‍ ഇല്ല എന്നതാണ് പ്രധാന കാര്യം.

1998ലാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ് മോസും അമേരിക്കന്‍ ഏജന്‍സിയായ നാസയും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2010ഓടുകൂടി ഭ്രമണപഥത്തില്‍ വെച്ചു തന്നെ ഇതിന്റെ വിവിധ ഭാഗങ്ങളുടെ സംയോജനം പൂര്‍ത്തിയാക്കി. 2016ഓടെയാണ് നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായത്.

ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് ബഹിരാകാശ നിലയം വിഭാവനം ചെയ്തത്. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന, ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് ബഹിരാകാശ നിലയം. അത് തകരുന്ന സ്ഥിതിയുണ്ടയാല്‍ ബഹിരാകാശ ഗവേഷണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാന്‍ അമേരിക്ക പല പദ്ധതികളും അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സോയൂസ് ബഹിരാകാശ പേടകം വഴി ജോലിക്കാരെയും സാധനങ്ങളും റഷ്യന്‍ വിഭാഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ് അമേരിക്ക. നിലയത്തിന് ഭീഷണി ഉള്ളതിനാല്‍ അവിടെ ഗവേഷണ നിരീക്ഷണങ്ങളില്‍ കഴിയുന്ന രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെ കസാഖിസ്ഥാന്‍ വഴി ഭൂമിയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്കും നാസ തുടക്കമിട്ടിട്ടുണ്ട്.

അമേരിക്കയും റഷ്യയും തമ്മില്‍ നിലവില്‍ നിലനില്‍ക്കുന്ന ഏക സംയോജിത പ്രവര്‍ത്തന മേഖല ബഹിരാകാശ രംഗത്താണ്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഈ ബന്ധം യുദ്ധത്തോടെ ഇല്ലാതാകുമോ എന്നാണ് ബഹിരാകാശ രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്.