National
റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് ഇന്ത്യ
സൈനിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും എല്ലാ ഭാഗത്തും സംയമനം പാലിക്കണമെന്നും ഇന്ത്യ
ന്യൂഡല്‍ഹി | റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. സൈനിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും എല്ലാ ഭാഗത്തും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് വലിയ ആശങ്കയാണ്. ഈ സംഭവവികാസങ്ങള്‍ മേഖലയുടെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. 20,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും പൗരന്മാരും യുക്രെയ്ന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും തിരുമൂര്‍ത്തി പറഞ്ഞു.
കിഴക്കന്‍ യുക്രെയ്‌നിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചതിനു പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്