Connect with us

From the print

റഷ്യ- യുക്രൈൻ സംഘർഷം: ഇടപെടാൻ ഇന്ത്യ തയ്യാറെന്ന് പുടിനോട് മോദി

ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ മോദി, പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

മോസ്‌കോ | റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കണമെന്നും പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്‌നപരിഹാരത്തിന് സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും മോദി അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ മോദി, പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“റഷ്യ- യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് നിരന്തര ആശയവിനിമയം നടത്താറുണ്ട്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധരാണ്.’- മോദി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ രണ്ടാം റഷ്യ സന്ദർശനമാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമാണിതെന്നും മോദി ചൂണ്ടിക്കാട്ടി. യുക്രൈൻ സന്ദർശനത്തിനിടയിലും മോദി സമാധാനാഹ്വാനം നടത്തിയിരുന്നു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുമായി ആഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച.

കസാനിൽ മോദിക്ക് ഉഷ്മളസ്വീകരണമാണ് നൽകിയത്. ഇന്ത്യൻ സമൂഹവും വരവേൽപ്പ് നൽകി. ചൈനീസ് പ്രസിഡന്റ്ഷി ജിൻപിംഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്റ്മസൂദ് പെസഷ്കിയാനുമായി മോദി ചർച്ച നടത്തി.

Latest