ukraine- russia
ഉക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിച്ച് റഷ്യ; തെളിവ് വേണമെന്ന് നാറ്റോ
യുദ്ധഭീഷണി കൊണ്ട് കളിച്ച് ആശങ്ക വര്‍ധിപ്പിക്കുകയാണ് പാശ്ചാത്യ ശക്തികളെന്ന് ചൈന വ്യക്തമാക്കി.
മോസ്‌കോ/ കീവ് | യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈമിയയില്‍ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിച്ച് റഷ്യ. ഇവിടെ നിന്ന് സൈനിക അഭ്യാസം അവസാനിപ്പിച്ച് സ്ഥിരം താവളത്തിലേക്ക് പിന്‍വാങ്ങുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിൻ്റെ വീഡിയോയും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സൈനിക പിന്മാറ്റത്തിന് തെളിവ് വേണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. ബ്രസ്സല്‍സില്‍ ആരംഭിച്ച നാറ്റോ പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന യോഗം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് ആണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
അതിര്‍ത്തിയില്‍ സൈനികരെ പിന്‍വലിക്കുകയല്ല, മറിച്ച് സന്നാഹം വര്‍ധിപ്പിക്കുകയാണെന്നും കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധഭീഷണി കൊണ്ട് കളിച്ച് ആശങ്ക വര്‍ധിപ്പിക്കുകയാണ് പാശ്ചാത്യ ശക്തികളെന്ന് ചൈന വ്യക്തമാക്കി. ബെലാറസിലടക്കം ഉക്രൈനിന്റെ അതിര്‍ത്തികളില്‍ റഷ്യന്‍ സൈനിക സന്നാഹം ശക്തമാണെന്നും സൈനികരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കാനഡ പ്രതിരോധ മന്ത്രി അനീറ്റ ആനന്ദ് പറഞ്ഞു.
തെക്കന്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി നേരത്തേ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.