Connect with us

National

റഷ്യൻ വിദേശ മന്ത്രി ലവ്റോവ് ഇന്ന് ഇന്ത്യയിൽ

ലവ്റോവ് എത്തുന്നതിന് തൊട്ടുമുമ്പേ ചർച്ചയ്ക്കായി ദേശീയ സുരക്ഷാ സഹഉപദേഷ്ടാവ് ദലീപ് സിങ്ങിനെ അമേരിക്ക ഇന്ത്യയിലേക്കയച്ചു

Published

|

Last Updated

ന്യൂഡൽഹി | യുക്രൈനിൽ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് ദിദ്വിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. യുക്രെെനിൽ യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു റഷ്യ നേതാവ് ഇന്ത്യയിലെത്തുന്നത്. അതിനിടെ, ലവ്റോവ് എത്തുന്നതിന് തൊട്ടുമുമ്പേ ചർച്ചയ്ക്കായി ദേശീയ സുരക്ഷാ സഹഉപദേഷ്ടാവ് ദലീപ് സിങ്ങിനെ അമേരിക്ക ഇന്ത്യയിലേക്കയച്ചു. യുക്രൈനുനേരെയുള്ള റഷ്യയുടെ നീതീകരിക്കാനാകാത്ത യുദ്ധത്തെക്കുറിച്ചും അത് ആഗോള സാമ്പത്തികരംഗത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ദലീപ് സിങ് ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് വെെറ്റ് ഹൗസ് അറിയിച്ചു. ദലീപ് സിങ്ങിനൊപ്പം ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസും നയതന്ത്രചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ലവ്റോവ് കൂടിക്കാഴ്ചനടത്തും. യുദ്ധം സംബന്ധിച്ചുള്ള റഷ്യയുടെ നിലപാടുകളും നടപടികളും ചർച്ചാവിഷയമാകും. എണ്ണ വില്പന, ആയുധഇടപാടുകൾ എന്നിവയും അജൻഡയിലുണ്ടെന്നാണ് സൂചന.

ചൈന സന്ദർശിച്ച ശേഷമാണ് ലവ്റോവ് ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയായിരിക്കും നയതന്ത്രചർച്ചകൾ.

Latest