russian conference
റഷ്യൻ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം: ഡോ.ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധാനം ചെയ്യും
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് അദ്ദേഹം സമ്മേളനത്തിൽ സാന്നിധ്യമറിയിക്കുക.
കോഴിക്കോട് | റഷ്യയിലെ മുസ്ലിം ഇന്റർനാഷണൽ ഫോറവും റിലീജ്യസ് ബോർഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 18ാം വാർഷിക അന്താരാഷ്ട്ര മുസ്ലിം ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് പ്രോ ചാൻസലറുമായ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് അദ്ദേഹം സമ്മേളനത്തിൽ സാന്നിധ്യമറിയിക്കുക. ‘നീതിയും മിതത്വവും: ലോകക്രമത്തിന്റെ ദൈവിക തത്വങ്ങൾ’ എന്ന പ്രമേയത്തിൽ ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ മോസ്‌കോയിൽ വെച്ചാണ് സമ്മേളനം.
പ്രാചീന റഷ്യയുടെ ഭാഗമായിരുന്ന വോൾഗ ബൾഗേറിയയിലെ ജനങ്ങൾ ഇസ്‌ലാം പുൽകിയതിന്റെ 1100ാം വാർഷികത്തിന്റെയും മുഹമ്മദ് നബിയുടെ ചരിത്ര പലായനത്തിന്റെ 1400ാം വാർഷികത്തിന്റെയും സമർപ്പണമായാണ് ഈ വർഷം അന്താരാഷ്ട്ര സമ്മേളനം നടത്തുന്നത്. മുസ്ലിം ഇന്റർനാഷണൽ ഫോറം സെക്രട്ടറി മുഫ്തി ഷെയ്ഖ് റാവിൽ സെയ്നുദ്ദീന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രതിനിധികൾ പങ്കെടുക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും വ്യക്തിത്വങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ത്വാഹ സഖാഫി മണ്ണുത്തിയും സമ്മേളനത്തിന്റെ ഭാഗമാകും.