Pathanamthitta
ശബരിമല; ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം
പമ്പയില്‍ മൂന്ന് ട്രാക്ടറുകളില്‍ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത്.
ശബരിമല | ശബരിമലയില്‍ ഇത്തവണ മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളില്‍ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വിശുദ്ധി സേനയും ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമലയും ചേര്‍ന്ന് മാലിന്യം നീക്കം ചെയ്തത്.
പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയിലെ വിശുദ്ധി സേനവളണ്ടിയര്‍മാരാണ് മാലിന്യം രൂപപ്പെടുന്ന ഘട്ടത്തില്‍ തന്നെ നീക്കം ചെയ്ത് വൃത്തിയും ശുദ്ധിയുമുള്ള ശബരിമലയ്ക്ക് തിളക്കം പകരുന്നത് .ദിവസവും 35 ലോഡ് മാലിന്യമാണ് സന്നിധാനത്ത് നിന്നും നീക്കം ചെയ്യുന്നത്.
അഞ്ച് ട്രാക്ടറുകളില്‍ അപ്പാച്ചിമേട് മുതല്‍ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോര്‍ഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇന്‍സിനിറേറ്ററു കളിലെത്തിച്ചാണ് സംസ്‌കരിക്കുന്നത്.മണിക്കൂറില്‍ 700 കിലോയാണ് ഇവിടത്തെ സംസ്‌കരണ ശേഷി.
പമ്പയില്‍ മൂന്ന് ട്രാക്ടറുകളില്‍ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത്.അപ്പാച്ചിമേട് ടോപ്പ് മുതല്‍ ചാലക്കയം വരെയുള്ള പ്രദേശങ്ങളില്‍ നിന്നും ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോര്‍ഡിന്റെ പമ്പയിലെ ഇന്‍സിനിറേറ്ററുകളില്‍ സംസ്‌കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്‌കരണം.
ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. പമ്പയില്‍ 210, നിലയ്ക്കല്‍ ബേസില്‍ 450, പന്തളം 20, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാ വിന്യാസം. സേനയ്ക്കൊപ്പം ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമലയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ തിരുമുറ്റവും നടപന്തലും മാളികപ്പുറവും വൃത്തിയാക്കുന്നുണ്ട്. രണ്ടു ലോഡ് മാലിന്യമാണ് ദൈനം ദിനം ഇങ്ങനെ നീക്കം ചെയ്യുന്നത്.
ശബരിമലയിലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായും ദിവസവും ശുചിത്വ യാത്ര നടത്തി സന്നിധാനവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുന്നതായും ശബരിമല എ ഡി എം അരുണ്‍ എസ് നായര്‍ അറിയിച്ചു.