sabarimala fire
ശബരിമലയിലെ പൊട്ടിത്തെറി: പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു
വെടിപ്പുരയിലാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട | ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ് (35) ആണ് മരിച്ചത്. ജനുവരി രണ്ടിനായിരുന്നു അപകടം.
അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം ആർ ജയകുമാർ (47) ആറാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.
വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാർ കതിനയിൽ വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജയകുമാറിനൊപ്പമുണ്ടായിരുന്ന അമലിനും രജീഷിനും പൊള്ളലേറ്റിട്ടുണ്ട്. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്.