Connect with us

Kerala

ശബരിമല: മികവാര്‍ന്ന പ്രവര്‍ത്തനത്തിന് അഭിനന്ദനം- രാജു എബ്രഹാം

എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനവും ഒത്തൊരുമയും ആണ് ഈ വിജയത്തിന് കാരണം.

Published

|

Last Updated

പത്തനംതിട്ട | ഇത്തവണത്തെ മണ്ഡല, മകരവിളക്ക് സീസണ്‍ ഏറ്റവും മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ വിഭാഗം ജീവനക്കാരെയും സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രത്യേകം അഭിനന്ദിച്ചു. എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനവും ഒത്തൊരുമയും ആണ് ഈ വിജയത്തിന് കാരണം. രാപ്പകല്‍ ഭേദമെന്യേ അവര്‍ നടത്തിയ പരിശ്രമം ഒരു പരാതിക്കും ഇടയാകാത്ത വിധത്തില്‍ സുഗമമായ തീര്‍ഥാടന കാലം ഏവര്‍ക്കും സമ്മാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തീര്‍ഥാടന കാലത്തിന് വളരെ മുമ്പ് തന്നെ ഒരുക്കത്തിന് തുടക്കം കുറിച്ചു. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തിനും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഏറെ സഹായകമായി. അതോടൊപ്പം ദേവസ്വം സഹകരണ മന്ത്രി വി എന്‍ വാസവന്‍, റവന്യൂ മന്ത്രി കെ രാജന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ എന്നിവരുടെ കൃത്യമായ മേല്‍നോട്ടം പ്രവര്‍ത്തനം ഏറെ സുഗമമാക്കി.

മന്ത്രിമാര്‍ പല ദിവസങ്ങളിലും പമ്പയിലും സന്നിധാനത്തും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളെയും ജീവനക്കാരെയും സംവിധാനങ്ങളോട് പൂര്‍ണമായും സഹകരിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

പോലീസിന്റെ സേവന പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. ദിവസം ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തിയിട്ടും ഒരു തരത്തിലുള്ള പരാതിയും ഉയരാതിരുന്നത് പോലീസിന്റെ സമയോചിതവും സേവന തത്പരതയോടെയുള്ള പ്രവര്‍ത്തനത്തിന്റെയും ഫലമാണ്. തീര്‍ഥാടകര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സമയാസമയങ്ങളില്‍ ലഘു ഭക്ഷണവും കുടിവെള്ളവും കൃത്യമായി വിതരണം ചെയ്യാനും സാധിച്ചു.

കൂടുതല്‍ വിശ്രമ സൗകര്യവും ഏര്‍പ്പാടാക്കി. പ്രായമായവര്‍ക്ക് പ്രത്യേകം ക്യൂ സംവിധാനവും തത്സമയ കൗണ്ടറും ഏര്‍പ്പെടുത്തിയത് ഏവരാലും പ്രശംസിക്കപ്പെട്ടു. മുഴുവന്‍ തീര്‍ഥാടകര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത് തീര്‍ഥാടന ചരിത്രത്തിലെ അഭിമാന നിമിഷമാണ്.

മുമ്പൊരു കാലത്തും ഇല്ലാത്ത വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടാന്‍ ഇക്കാലയളവില്‍ സാധിച്ചു. 2017ലെ സംസ്ഥാന ബജറ്റില്‍ കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനത്തിന് പണം അനുവദിച്ച് ഭരണാനുമതി നല്‍കിയതും ഇക്കാലയളവിലാണ്.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ഇതിന് തുടക്കം കുറിച്ചത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 1,033.62 കോടിയുടെ വികസന പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. അടുത്ത 25 വര്‍ഷത്തെ വികസനം മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടെയും ഒത്തൊരുമയോടു കൂടിയ ഇടപെടലും ഫലപ്രദമായ നടപടികളും വഴി നാടിന്റെ പെരുമയും മതസൗഹാര്‍ദവും വീണ്ടും മാതൃകയായി ഉയരാനും ഇടയാക്കിയെന്ന് രാജു എബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest