Connect with us

Ongoing News

ശബരിമല: അടിയന്തര സേവനം നല്‍കി മരണനിരക്ക് പരമാവധി കുറച്ചു

ഹൃദയാഘാതം വന്ന 122 പേരുടെ ജീവന്‍ രക്ഷിച്ചു. 3.35 ലക്ഷം തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി

Published

|

Last Updated

പത്തനംതിട്ട | ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 3,34,555 തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, നിലയ്ക്കല്‍, റാന്നി പെരിനാട്, കോന്നി മെഡിക്കല്‍ കോളജ് പ്രത്യേക വാര്‍ഡ്, പന്തളം, ചെങ്ങന്നൂര്‍, എരുമേലി എന്നീ ആശുപത്രികളിലൂടെ 2,52,728 തീര്‍ഥാടകര്‍ക്കും പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെ 81,827 തീര്‍ഥാടകര്‍ക്കും ആരോഗ്യ സേവനം നല്‍കി.

സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നല്‍കിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു. നിസ്സാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 122 പേരുടെ ജീവന്‍ രക്ഷിച്ചു. 71 പേര്‍ക്ക് ഹൃദയാഘാതത്തിനുള്ള ത്രോബോലൈസിസ് അടിയന്തര ചികിത്സ നല്‍കി. 110 പേര്‍ക്ക് അപസ്മാരത്തിന് ചികിത്സ നല്‍കി.

റോഡപകടങ്ങളില്‍ പരുക്കേറ്റവര്‍ 230, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ (37,141), ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ചവര്‍ (25,050), വയറിളക്ക രോഗങ്ങളുള്ളവര്‍ (2,436), പനി (20,320), പാമ്പുകടിയേറ്റവര്‍ (നാല്) എന്നിവര്‍ക്കാണ് ചികിത്സ നല്‍കിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 456 പേരെ പമ്പയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.

കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലും തീര്‍ഥാടകര്‍ക്കായി പ്രത്യേകം കിടക്കകള്‍ ക്രമീകരിച്ചിരുന്നു. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും കിടക്കകള്‍ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. വിവിധ ഭാഷകളില്‍ ശക്തമായ ബോധവത്ക്കരണം നല്‍കി. ഹൃദയസ്തംഭനം വന്ന 40 പേര്‍ക്ക് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ വഴി സി പി ആറും എ ഇ ഡി ഉപയോഗിച്ച് ഷോക്ക് ചികിത്സയും നല്‍കി. തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചു.

 

Latest