Connect with us

Kerala

ശബരിമല: വെര്‍ച്വല്‍ ക്യൂവിനൊപ്പം കെ എസ് ആര്‍ ടി സി ടിക്കറ്റുകളും ബുക്ക് ചെയ്യാം

സുരക്ഷിത ഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങള്‍. ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍ പ്രചരിപ്പിക്കും.

Published

|

Last Updated

പമ്പ (പത്തനംതിട്ട) | ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടി സിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാകുന്നതിനായി ലഘു വീഡിയോകള്‍ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈന്‍ ബോര്‍ഡുകളും റിഫ്ളക്ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്സ് ദര്‍പ്പണങ്ങളും ഹെല്‍പ് ലൈന്‍ നമ്പറുകളുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും.

ഡിസംബര്‍ അഞ്ചു വരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്ളോര്‍ നോണ്‍ എ സി, 60 വോള്‍വോ ലോ ഫ്ളോര്‍ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ്-ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറു മുതലുള്ള രണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍, 60 വോള്‍വോ എ സി ലോ ഫ്ളോര്‍, 285 ഫാസ്റ്റ് പാസഞ്ചര്‍-സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡീലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും സര്‍വീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തില്‍ വിവിധ ഇനത്തിലുള്ള 800 ബസുകള്‍ സര്‍വീസിനായി വിനിയോഗിക്കും.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍. 40ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗ്രൂപ്പായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ കെ എസ് ആര്‍ ടി സി ടിക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഹെല്‍പ് ഡെസ്‌ക്കും ആവശ്യാനുസരണം ചാര്‍ട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. റോഡ് സുരക്ഷാ കമ്മീഷണറും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ എസ് ശ്രീജിത്ത്, ജില്ലാ കലക്ടര്‍ എ ഷിബു, ജില്ലാ പോലീസ് മേധാവി വി അജിത്ത്, കെ എസ് ആര്‍ ടി സി സി എം ഡി (ഇന്‍ ചാര്‍ജ്) എസ് പ്രമോജ് ശങ്കര്‍ പങ്കെടുത്തു.

 

Latest