Connect with us

Kerala

മണ്ഡലപൂജ ഉത്സവത്തിന് സമാപനം; നട ഇനി 30ന് തുറക്കും

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ 41 ദിവസത്തിനൊടുവില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് മണ്ഡലപൂജ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ തങ്ക അങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടന്നത്. മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികനായി. മന്ത്രി കെ രാധാകൃഷ്ണന്‍, സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, മനോജ് ചരളേല്‍, പി എം തങ്കപ്പന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ, എ ഡി ജി പി. എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് 1973ല്‍ തങ്ക അങ്കി നടയ്ക്കുവച്ചത്. മണ്ഡലപൂജയ്ക്കു ചാര്‍ത്താനായി തയാറാക്കിയ തങ്കഅങ്കി 450 പവന്‍ തൂക്കമുള്ളതാണ്. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ നട അടച്ചു. രാത്രി 10ന് ക്ഷേത്രനട അടക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തിയാകും. ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.

31 മുതല്‍ കാനന പാതകളിലൂടെ തീര്‍ഥാടനം അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
മകരവിളക്ക് മഹോത്സവ തീര്‍ഥാടന കാലത്ത് കാനന പാതകളിലൂടെ തീര്‍ഥാടനം അനുവദിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതല്‍ തീര്‍ഥാടനം അനുവദിക്കും. സത്രം വഴിയുള്ള തീര്‍ഥാടനത്തിന് സര്‍ക്കാറില്‍ നിന്നും ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്. ഈ പാതകളെല്ലാം തന്നെ ഈമാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. ഈ മേഖലയിലും കുടിവെള്ളം, വെളിച്ചം, ചികിത്സാ സഹായം എന്നിവ ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മണ്ഡല പൂജക്കാലത്ത് നല്ല രീതിയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയതു മതിയാകില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

 

 

Latest