Kerala
വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു
മിനി ബസ് യാത്രികരായിരുന്ന എട്ടു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു
എരുമേലി | എരുമേലി തുലാപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.വഴിയരികില്‍ നിന്നിരുന്ന ശബരിമല തീര്‍ത്ഥാടകനും അഖില ഭാരത അയ്യപ്പ സേവാ സംഘം തമിഴ്‌നാട് സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ചെന്നൈ സ്വദേശി ശിവകുമാര്‍ ( 65) ആണ് മരിച്ചത്.
തുലാപ്പള്ളി ആലപ്പാട്ട് കവലയ്ക്ക് സമീപത്തെ കുത്തനെയുള്ള ഇറക്കത്തില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും മിനി ബസ്സിലും ഇടിച്ച ശേഷം ബസ് സമീപത്തെ പാര്‍ക്കിംഗ് ഭാഗത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട മിനി ബസ് യാത്രികരായിരുന്ന എട്ടു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ എരുമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.