sabarimala roads
ശബരിമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; പമ്പ കരകവിഞ്ഞ് ഒഴുകുന്നു
പത്തനംതിട്ടയിലെ വിവിധ റോഡുകളില്‍ വെള്ളക്കെട്ട്
പത്തനംതിട്ട | മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ പത്തനംതിട്ട ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ ആശങ്ക. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നി വകയാറില്‍ വെള്ളം കയറി. അടൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പമ്പയിലേക്കുള്ള റോഡിലും വെള്ളക്കെട്ടുണ്ട്. ബദല്‍ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
കനത്ത മഴയുടെ സാഹചര്യത്തില്‍ പമ്പ, ത്രിവേണിയില്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീര്‍ഥാടന ഒരുക്കങ്ങള്‍ ഏകോകിപ്പിക്കാന്‍ റവന്യുമന്ത്രി കെ രാജന്‍ ഇന്ന് പമ്പയിലെത്തും.
വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് ശബരിമല നട തുറക്കുക. പതിവ് പൂജകള്‍ക്ക് ശേഷം ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏല്‍ക്കും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനാനുമതി. കനത്ത മഴ തുടരുന്നതിനാല്‍ ആദ്യ മൂന്ന് ദിവസം നിയന്ത്രണങ്ങള്‍ ഉണ്ടാകും. ബുക്ക് ചെയ്ത ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ എത്തിച്ചേരാനായില്ലെങ്കില്‍ മറ്റൊരു ദിവസം അനുമതി നല്‍കും. സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടു.