Kerala
ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച 45 ദിവസത്തിനകം പരിഹരിക്കും
ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ പാളികള്‍ ഇളക്കി പരിശോധന നടത്തും.
പത്തനംതിട്ട | സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച 45 ദിവസത്തിനകം പരിഹരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. ചോര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കാനായി ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ പാളികള്‍ ഇളക്കി പരിശോധന നടത്തും. ശ്രീകോവിലിന്റെ മേല്‍ക്കൂരക്ക് പുറത്ത് വിശ്വാസികൾ ദര്‍ശനം നടത്തുന്നതിന്റെ ഇടത് ഭാഗത്തായാണ് ചോര്‍ച്ച കണ്ടത്.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ സാന്നിധ്യവും മൂന്നാം തീയതി ഉണ്ടാകും. മേല്‍ക്കൂര മാറ്റുന്ന സമയത്ത് ആവശ്യമായ സ്വര്‍ണവും മറ്റ് പണി ചെലവുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിക്കും. 45 ദിവസത്തിനകം ചോര്‍ച്ച പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള ബോര്‍ഡിന്റെ ഉത്തരവ് ദേവസ്വം ബോര്‍ഡ് ചീഫ് എൻജിനീയര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.