Connect with us

train accident

ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം

സബര്‍മതി എക്സ്പ്രസിന്റെ എന്‍ജിന്‍ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന വസ്തുവില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു. കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയിലുണ്ടായ അപകടത്തില്‍ ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്.

അട്ടിമറി സംഭവം പരിശോധിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സബര്‍മതി എക്സ്പ്രസിന്റെ എന്‍ജിന്‍ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന വസ്തുവില്‍ ഇടിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.

എട്ട് കോച്ചുകളുള്ള മെമു ട്രെയിന്‍ കാണ്‍പൂരില്‍ നിന്ന് അപകടസ്ഥലത്തേക്ക് യാത്രക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടുവെന്ന് റെയില്‍വേ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശശികാന്ത് ത്രിപാഠി പറഞ്ഞു. ബസുകള്‍ സ്ഥലത്തെത്തി യാത്രക്കാരെ കാണ്‍പൂരിലേക്ക് കയറ്റി. ഐ ബിയും യുപി പോലീസും സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Latest