sabarinathan arrested
വിമാനത്തിലെ പ്രതിഷേധത്തിൽ ശബരിനാഥിന് ജാമ്യം
തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുൻ എംഎൽഎയും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. 50,000 രൂപയും കെട്ടിവെക്കണം. ശബരിനാഥിന്റെ മൊബെെൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കാനും നിർദേശമുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ശബരിനാഥനാണ് ഗൂഢാലോചനക്ക് പിന്നിലെ മാസ്റ്റർ ബ്രെെൻ എന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വാട്സാപ് ഉപയോഗിച്ച ഫോൺ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഫോൺ ലഭിച്ചാൽ പോരേ ശബരിനാഥിനെ കസ്റ്റഡിയിൽ വേണോ എന്ന് കോടതി തിരിച്ചുചോദിച്ചു.
ശബരിനാഥിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ മൊബെെൽ ഫോൺ സ്ക്രീൻ ഷോട്ട് അല്ലാതെ വേറെ എന്തെങ്കിലും തെളിവ് ഉണ്ടാേ എന്ന് കോടതി ചോദിച്ചു. എന്നാൽ സ്ക്രീൻ ഷോട്ട് തന്നെയാണ് ഉള്ളതെന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് ഫോൺ പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.
ഗൂഢാലോചന നടത്തിയെന്നു കാട്ടി ചൊവ്വാഴ്ച രാവിലെയാണ് ശബരിനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാവിലെ 10.30നാണ് ശംഖ്മുഖം എ സി പിക്ക് മുമ്പാകെ ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. 11 മണിക്കാണ് ശബരീനാഥിന്റെ ജാമ്യഹരജി പരിഗണിച്ചിരുന്നത്. എന്നാല്‍ 10.50ന് ശബരീനാഥിനെ അറസ്റ്റ് ചെയ്തതായി പ്രോസിക്്യൂഷന്‍ കോടതിയില്‍ പറയുകയായിരുന്നു.
വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് ശബരീനാഥന്‍ അംഗീകരിച്ചതായാണ് വിവരം. യൂത്ത്കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഉള്ള ഗ്രൂപ്പിലായിരുന്നു ആസൂത്രണം. ഈ ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലടക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.