Kerala
സാബു ജീവനൊടുക്കിയ സംഭവം; ബേങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും
ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബേങ്ക് സെക്രട്ടറി റെജി എബ്രഹാം, ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക.
ഇടുക്കി | കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു ബേങ്കിനു മുന്നില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ബേങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. മൊഴിയിലും സി സി ടി വി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. പോലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും.
ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബേങ്ക് സെക്രട്ടറി റെജി എബ്രഹാം, ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സി പി എം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആര്‍ സജിയുടെ മൊഴിയും രേഖപ്പെടുത്തും. സാബുവിന്റെ മരണത്തില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബേങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
ഒന്നരവര്‍ഷം സാബുവും താനും അനുഭവിക്കേണ്ടിവന്ന യാതനകള്‍ പോലീസിനോട് പറഞ്ഞുവെന്ന് മേരിക്കുട്ടി വ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.