deepu murder
ദീപുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സാബു എം ജേക്കബ്
മന്ത്രി തന്നെ അട്ടിമറിക്ക് ശ്രമിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ട്. എന്നാല്‍, സി ബി ഐക്ക് മാത്രമേ ഈ തെളിവുകള്‍ കൈമാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി | ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഇതിനായി ഒരു മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ദീപുവിന്റെ മരണ വിവരം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചതായി അദ്ദേഹം ആരോപിച്ചു. മരണത്തിന്റെ 48 മണിക്കൂര്‍ മുമ്പ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായും ശരീരം അഴുകിത്തുടങ്ങിയതായും പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 18ന് 12.5ന് ദീപു മരിച്ചെന്ന് ബന്ധുക്കള്‍ അറിയുന്നത് ദൃശ്യമാധ്യമങ്ങളിലൂടെയാണ്. മരണം നടക്കുന്നതിന് മുമ്പായി 11.25ന് ആര്‍ ടി പി സി ആര്‍ നടത്തി. കൊവിഡ് കാരണമാണ് ദീപു മരിച്ചെന്ന് സ്ഥാപിക്കാനുള്ള ആശുപത്രി അധികൃതരുടെ ക്രിമിനല്‍ ഗൂഢാലോചനയാണിത്.
തങ്ങളുടെ സമ്മര്‍ദ ഫലമായി കളമശ്ശേരി മെഡി.കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡി.കോളജിലേക്ക് മാറ്റിയെങ്കിലും അവിടെ അട്ടിമറി ശ്രമമുണ്ടായി. മന്ത്രി തന്നെ അട്ടിമറിക്ക് ശ്രമിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ട്. എന്നാല്‍, സി ബി ഐക്ക് മാത്രമേ ഈ തെളിവുകള്‍ കൈമാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദീപുവിനെ സി പി എം പ്രവർത്തകർ മർദിച്ചുകൊന്നെന്നാണ് ട്വൻ്റി 20 ആരോപിക്കുന്നത്. സംഭവത്തിൽ സി പി എം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.