Ongoing News
സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ക്രിക്കറ്റ് അംബാസഡർ
കരിയറിൽ ആറ് 50 ഓവർ ലോകകപ്പ് കളിച്ചതിന്റെ അസൂയാവഹമായ റെക്കോർഡുള്ള താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ
മുംബൈ | ഇന്ത്യൻ ഇതിഹാസവും ഭാരതരത്‌ന ജേതാവുമായ സച്ചിൻ ടെണ്ടുൽക്കറെ 2023ലെ ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്ലോബൽ അംബാസഡറായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. തന്റെ കരിയറിൽ ആറ് 50 ഓവർ ലോകകപ്പ് കളിച്ചതിന്റെ അസൂയാവഹമായ റെക്കോർഡുള്ള താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ലോകകപ്പ് ട്രോഫിയുമേന്തി സച്ചിൻ ഗ്രൗണ്ടിലിറങ്ങും.
1987 ൽ ഒരു ബോൾ ബോയ് ആയിരുന്നത് മുതൽ ആറ് എഡിഷനുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചത് വരെ ലോകകപ്പുകൾക്ക് എല്ലായ്പ്പോഴും തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. 2011 ൽ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിക്കറ്റ് ലോകകപ്പിന് ഐസിസി അംബാസഡർമാരുടെ ഒരു വലിയ താരനിരയും സാക്ഷ്യം വഹിക്കും. വെസ്റ്റ് ഇന്ഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ട് ലോകകപ്പ് നേടിയ നായകന് ഇയോൻ മോർഗൻ, ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്, ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ന്യൂസിലാന്ഡിന്റെ റോസ് ടെയ്ലർ, ഇന്ത്യയുടെ സുരേഷ് റെയ്ന, മുന് ക്യാപ്റ്റന് മിതാലി രാജ്, പാകിസ്ഥാന് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് എന്നിവരാണ് ഐ സി സി അംബാസഡർമാർ.
വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റന് തുടക്കമാകുക. ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നൈ M.A ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്ക് എതിരെയാണ്ഇന്ത്യയുടെ ആദ്യ മത്സരം. രാജ്യത്തെ പത്ത് വേദികളിലായി, പത്ത് ടീമുകളാണ് ഇത്തവണ ലോകക്കപ്പിൽ
പങ്കെടുക്കുന്നത്.
നവംബർ 19-ന്അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.