muslim league
സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റ്
തീരുമാനം ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍

മലപ്പുറം | അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പകരമായി സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് തീരുമാനം അറിയിച്ചത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റിന് പുറമെ ലീഗിന്റെ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കും സാദിഖലി തങ്ങളെ തിരഞ്ഞെടുത്തു. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു
ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായിരുന്നു സാദിഖലി തങ്ങള്‍. ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല സാദിഖലി തങ്ങള്‍ വഹിച്ചിരുന്നു.
നേരത്തെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോഴും പ്രവര്‍ത്തക സമിതി ചേരാന്‍ കാത്ത് നില്‍ക്കാതെ ലീഗ് അടിയന്തര ഉന്നതാധികാര സമിതി ചേര്‍ന്നായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തിരുന്നത്. നേതാക്കള്‍ എല്ലാം ഒരുമിച്ചുള്ള സാഹചര്യമായതിനാലാണ് ഉന്നതാധികാര സമിതിയില്‍ ഇത്തവണയും തീരുമാനം എടുത്തത്.
സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റാകുന്നതോടെ അദ്ദേഹം നേരത്തെ വഹിച്ചിരുന്ന മലപ്പുറം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ പാര്‍ട്ടി കണ്ടെത്തും. നിലവില്‍ യൂത്ത്‌ലീഗ് പ്രസിഡന്റായ മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറം ലീഗ് പ്രസിഡന്റായേക്കുമെന്നാണ് സൂചന.
അതിനിടെ ഹൈദരലി ശിഹാബ് തങ്ങളുടെ അനുസമരണ യോഗം ഇന്ന് വൈകിട്ട് 4.30ന് മലപ്പുറം ടൗണ്‍ഹാളില്‍ ചേരുമെന്ന് നേതൃത്വം അറിയിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, മതരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.