kanthapuram AP aboobacker musliyar
സഈദ് ബിന്‍ അഹ്മദ് അല്‍ ഉത്വയ്ബ; ശൈഖ് അബൂബക്കറിന്റെ അടുത്ത സുഹൃത്ത്
കേരളത്തെ സ്‌നേഹിച്ച സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലഫ് അല്‍ ഉതൈബ 108 ാം വയസ്സില്‍ അന്തരിച്ചു

സഈദ് ബിന്‍ അഹ്മദ് അല്‍ ഉത്വയ്ബയും ശൈഖ് അബൂബക്കറും കഴിഞ്ഞ മാര്‍ച്ചില്‍ യുഎയില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കിടെ
കോഴിക്കോട് | ബുധനാഴ്ച അന്തരിച്ച അബൂദബിയിലെ പൗരപ്രമുഖന്‍ സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലഫ് അല്‍ ഉതൈബ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തിയ വ്യക്തി.
1980 കളുടെ തുടക്കത്തിലാണ് യു എ ഇയിലെ വ്യാപാര പ്രമുഖനും കവിയുമായ ഉത്വയ്ബയെ കാന്തപുരം ഉസ്താദ് പരിചയപ്പെടുന്നത്. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. എണ്ണ ഖനനത്തിലും രത്‌ന വ്യാപാരത്തിലും സജീവമായ അദ്ദേഹത്തിന് നിരവധി വിദേശ മോട്ടോര്‍ വാഹനങ്ങളുടെ അസംബ്ലിങ് യൂണിറ്റും ഡീലര്‍ഷിപ്പും യുഎഇയില്‍ സ്വന്തമായുണ്ടായിരുന്നു.
കാന്തപുരവുമായുള്ള കൂടിക്കാഴ്ച്ചക്കിടെ കേരളത്തിലെ സുന്നി വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിഞ്ഞ അദ്ദേഹം അതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും മര്‍കസിനായി തന്റെ ഷോറൂമില്‍ നിന്നും ഒരു ഇസുസു കാര്‍ സമ്മാനിക്കുകയും ചെയ്തു. മര്‍കസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാഹനം ഏറെ കാലം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് അബൂബക്കറിന്റെ ക്ഷണപ്രകാരം പിന്നീടദ്ദേഹം കേരളത്തില്‍ എത്തി. ഇന്ത്യയുമായി വളരെ മുമ്പുതന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതിനാല്‍ തന്നെ മലബാറും കേരളവും കേട്ടറിഞ്ഞ പരിചയമുണ്ടായിരുന്നു. പ്രസ്തുത യാത്രയില്‍ മര്‍കസും മറ്റു പ്രവര്‍ത്തങ്ങളും നേരിട്ടുകണ്ട അദ്ദേഹം അതില്‍ ആകൃഷ്ടനായി ധാരാളം സഹായം നല്‍കുകയും സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ പൂനൂര്‍ അങ്ങാടിയില്‍ സ്ഥലം കണ്ടെത്തുന്നതും അല്‍ മദ്‌റസത്തുല്‍ ഉത്വയ്ബിയ്യ ആരംഭിക്കുന്നതും.
പിന്നീട് പലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ആരംഭിക്കാന്‍ സഹായങ്ങള്‍ നല്‍കി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. കേരളത്തിലെ മൗലിദ് സദസ്സുകളെ അങ്ങേയറ്റം പ്രിയംവെക്കുന്ന ശൈഖ് ഉത്വയ്ബ, റബീഉല്‍ അവ്വല്‍ മാസമാണ് തന്റെ കേരള സന്ദര്‍ശനത്തിന് വേണ്ടി തിരഞ്ഞെടുക്കാറ്. ഉസ്താദിനോടൊപ്പം മര്‍കസിലെയും വീട്ടിലെയും മൗലിദ് സദസ്സുകളില്‍ പങ്കെടുക്കാന്‍ ഈ യാത്രകളില്‍ ശൈഖ് ഉത്വയ്ബ പ്രത്യേകം ശ്രദ്ധിക്കും. അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ശൈഖ് ഉത്വയ്ബ, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അടക്കം ഒട്ടനവധി കവിതകള്‍ രചിച്ചിട്ടുമുണ്ട്.
ദീവാനു സഈദ് അഹ്മദ് ഉത്വയ്ബ എന്ന പേരില്‍ ഈ കവിതകള്‍ ഇപ്പോള്‍ സമാഹരിച്ചിട്ടുണ്ട്.
അഹ്ലുസുന്നയുടെ മാര്‍ഗത്തില്‍ ശക്തമായി നിലകൊണ്ട അദ്ദേഹം സുന്നി ഉലമാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുകയും ചെയ്തു. ആരാധനകളില്‍ കണിശത പുലര്‍ത്തി ഏവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം. പല അറബ് പ്രമുഖരെയും കാന്തപുരം ഉസ്താദിനെ പരിചയപ്പെടുത്തുകയും മര്‍കസിന്റെ ആഗോള വ്യാപനത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. അറബ് വാണിജ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഈ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധനല്‍കുന്നു. മകനും യുഎഇ മുന്‍ പെട്രോളിയം മന്ത്രിയും ഒപെക്കിന്റെ ദീര്‍ഘകാല മേധാവിയായിരുന്ന ഡോ.മാന അല്‍ ഉത്വയ്ബ, പേരമക്കളും ഐക്യരാഷ്ട്ര സഭയിലെ യുഎഇ അംബാസിഡറുമായ യൂസുഫ് അല്‍ ഉത്വയ്ബ, ഫ്രാന്‍സിലെ യുഎഇ അംബാസിഡര്‍ ഹിന്ദ് അല്‍ ഉത്വയ്ബ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.
വ്യക്തിപരമായി ഉത്വയ്ബയുമായുണ്ടായ സൗഹൃദത്തെ കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ കാന്തപുരം ഉസ്താദ് വലിയ പങ്കുവഹിച്ചു. സുപ്രധാനമായ പല പദ്ധതികളെയും സംരംഭങ്ങളെയും നിര്‍ലോഭം പിന്തുണച്ച ശൈഖ് ഉത്വയ്ബ, ഉസ്താദിനുള്ള തന്റെ സ്നേഹോപഹാരം എന്ന നിലയില്‍ ഉസ്താദിന്റെ ജന്മനാട്ടില്‍ സ്‌കൂളുകളും നിരവധി വഖ്ഫുകളും സ്ഥാപിച്ചു. യു എ യിലെ പെട്രോളിയം മേഖലയില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഈ സൗഹൃദം വഴിവെച്ചു.
ഏറ്റവുമൊടുവില്‍ 2022 ഒക്ടോബറില്‍ കാന്തപുരം ഉസ്താദിന്റെ ആശുപത്രി വാസകാലത്ത് 107-ാം വയസ്സിലും അദ്ദേഹം തന്റെ ആത്മമിത്രത്തെ സന്ദര്‍ശിക്കാന്‍ എത്തുകയും ആശ്വാസം പകരുകയും ചെയ്തു. ആശുപത്രിയില്‍ ഉസ്താദിനോടൊപ്പം സമയം ചെലവഴിച്ച പ്രിയ സ്നേഹിതന്‍, ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്യുകയും മന്ത്രിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്താണ് യാത്ര പറഞ്ഞിറങ്ങിയത്. ഉസ്താദിനു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥനകള്‍ നടത്താനും കൂടെയുള്ളവരെയും അദ്ദേഹം ഓര്‍മിപ്പിച്ചു. പിന്നീടും ആരോഗ്യ പുരോഗതി ദിനേനയെന്നോണം അദ്ദേഹം വിളിച്ചന്വേഷിച്ചു. ശേഷം ഇക്കഴിഞ്ഞ റമളാനിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുഎഇ സന്ദര്‍ശിക്കുന്ന വേളയിലെല്ലാം പരസ്പരം കാണാനും സൗഹൃദം പങ്കിടാനും വളര്‍ത്താനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചു.
ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കലെങ്കിലും കേരളം സന്ദര്‍ശിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് വലിയ സഹായം നല്‍കിയും അദ്ദേഹവും മലയാളികളോട് സ്‌നേഹം കാണിച്ചു. രണ്ടു വ്യക്തികളിലൂടെ വളര്‍ന്ന സൗഹൃദം പതിയെ പതിയെ രണ്ടു നാടുകളുടെ സൗഹൃദമായി മാറി. ഇരു നാടുകളുടെയും പുരോഗതിയിലും വികസനത്തിലും വലിയ പങ്ക് വഹിക്കുന്ന മൂലധന-മാനവവിഭശേഷി കൈമാറ്റവും ആ സൗഹൃദത്തിലൂടെ സാധ്യമായി.