Connect with us

Kerala

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ പിടിയില്‍

കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്.

Published

|

Last Updated

ചെന്നൈ | സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ മാസം ആറിനാണ് കൊച്ചി പോലീസിനെ വെട്ടിച്ച് ഇയാള്‍ സംസ്ഥാനത്തു നിന്ന് രക്ഷപ്പെട്ടത്.

പ്രവീണ്‍ റാണക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതി നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കൊച്ചിയിലെ ഫ്‌ളൈ ഹൈ ബാര്‍, നവി മുംബൈയിലെ 1,500 കോടിയുടെ പദ്ധതി, ബെംഗളൂരുവിലും പൂനെയിലുമുളള ഡാന്‍സ് ബാറുകള്‍ തുടങ്ങിയ പദ്ധതികളില്‍ താന്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിയുകയായിരുന്നു.

48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് നിക്ഷേപം വാങ്ങിയാണ് റാണ മുങ്ങിയത്. നിലവില്‍ 22 കേസുകള്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest