Connect with us

Kerala

സേഫ് കേരള പദ്ധതി പകല്‍ക്കൊള്ള; രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും അനുമതി നല്‍കുകയാണ് മന്ത്രിസഭ ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സേഫ് കേരള പദ്ധതി വന്‍ അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് രമേശ് ചെന്നിത്തല. കേരളം കണ്ട എറ്റവും വലിയ അഴിമതിയാണിത്. കൃത്യമായ ആസൂത്രണമാണ് ഇതിനു പിന്നില്‍ നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടവിരുദ്ധമായ നടപടികളാണ് നടന്നിട്ടുള്ളത്.

പദ്ധതിക്ക് അനുമതി നല്‍കി ഏപ്രില്‍ 12 ന് കാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

കരാര്‍ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനു പകരം കൊള്ളയെ വെള്ളപൂശാനാണ് മന്ത്രി പി രാജീവ് ശ്രമിച്ചത്. കള്ളന്മാര്‍ക്ക് കവചമൊരുക്കുകയാണ് ഇതിലൂടെ ചെയ്തത്.

എ ഐ കാമറാ പദ്ധതിയില്‍ അഴിമതി നടന്നുവെന്നതിന് പിന്‍ബലമേകുന്ന നാല് രേഖകള്‍ ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടത്. എന്നാല്‍, 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണ് രേഖകള്‍ അനുസരിച്ച് വ്യക്തമാകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കരാറുകളില്‍ ട്രോയ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ജിതേഷിന്റെ റോള്‍ എന്താണെന്ന് വ്യക്തമാക്കണം. ശിവശങ്കറിന് സര്‍ക്കാരില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണം. ഈ കമ്പനിക്ക് വിദേശത്ത് ബിസിനസ് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ ഒന്നുമില്ലെന്ന് വ്യക്തമായി.

കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി ഇയാള്‍ക്ക് എന്താണ് ബന്ധം, രാംജിത്ത് എത്ര തവണ ക്ലിഫ് ഹൗസ് സന്ദര്‍ശിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം വെളിപ്പെടുത്തണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Latest