Connect with us

Prathivaram

സുരക്ഷിത കൗമാരം

ബാല്യത്തെയും യൗവനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പാലമായാണ് കൗമാരത്തെ വിശേഷിപ്പിക്കുന്നത്.

Published

|

Last Updated

മനുഷ്യജീവിതത്തിൽ സുപ്രധാനമായതും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായ സമയമാണ് കൗമാരം(Adolescence). കൈപ്പേറിയതും സന്തോഷദായകവും നിറപ്പകിട്ടാർന്നതുമായ അനേകം അനുഭവങ്ങൾ സമ്മാനിക്കുന്ന കാലം. സൗഹൃദത്തിന്റെ സൗകുമാര്യതയും സൗന്ദര്യവും തുളുമ്പുന്ന പ്രായം. കൂട്ടുകൂടിയും പാട്ടുപാടിയും പറന്നുല്ലസിക്കുന്ന നാളുകൾ. കളിയും ചിരിയും പഠനവുമൊക്കെയായി ജീവിതം ആടിത്തിമർക്കുന്ന വസന്തകാലം. ഇതെല്ലാം കൗമാര വിശേഷങ്ങളാണ്.

ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനമനുസരിച്ച് പത്ത് മുതൽ പത്തൊമ്പത് വരെയുള്ള കാലയളവാണ് ടീനേജ് അഥവാ കൗമാര പ്രായമായി കണക്കാക്കുന്നത്. ബാല്യത്തെയും യൗവനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പാലമായാണ് കൗമാരത്തെ വിശേഷിപ്പിക്കുന്നത്.

സൗഹൃദങ്ങളുടെ വികാസത്തിൽ കൗമാരം നിർണായക പങ്ക് വഹിക്കുന്നു. കൗമാരത്തിന് മുമ്പുള്ള സൗഹൃദങ്ങളേക്കാൾ കൂടുതൽ വാത്സല്യവും അടുപ്പവുമുള്ള സൗഹൃദങ്ങളാണ് കൗമാരക്കാരുടെത്. വ്യത്യസ്ത സ്വഭാവവും പെരുമാറ്റവുമുള്ള സൗഹൃദങ്ങളെ അവർ വളർത്തിയെടുക്കുന്നു. എതിർ ലിംഗത്തോടുള്ള അടുപ്പവും പ്രണയ ബന്ധങ്ങളും ഉടലെടുക്കുന്നതും കൂടുതലും കൗമാര പ്രായത്തിലാണ്. നിസ്സാര കാര്യങ്ങളിൽ പോലും അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്തര്‍മുഖരായി കാണപ്പെടുന്നതും കൗമാരത്തിന്റെ പ്രത്യേകതകളാണ്.
സ്വഭാവരൂപവത്കരണത്തിൽ ആത്മവിശ്വാസമുള്ള കൗമാരത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭാവിജീവിതം ഭാസുരമാക്കുന്നതിനും ഇരുളടഞ്ഞതാക്കുന്നതിനും കൗമാരകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ട്.

ആരോഗ്യകരവും ആനന്ദദായകവുമായ ജീവിതം സംവിധാനിക്കുന്നതിന് കൗമാരത്തെ കൃത്യമായ നിരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ടതുണ്ട്.
ജീവിതത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന ഈ ഘട്ടത്തിൽ, മാനസികവും ശാരീരികവുമായ ഒട്ടനവധി മാറ്റങ്ങളാണ് കൗമാരക്കാരിലുണ്ടാകുന്നത്. അവർ സ്കൂളിലും പൊതുസമൂഹത്തിലും ഭവനങ്ങളിലും ശാരീരികവും മാനസികവും ലൈംഗികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. ആത്മഹത്യാ പ്രവണത, ആത്മവിശ്വാസക്കുറവ്, അപകർഷതാബോധം, തോൽവിയെ നേരിടാനുള്ള മടി, മാനസിക സമ്മർദം, പഠനവൈകല്യങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിങ്ങനെ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്. മദ്യം, പുകവലി, മയക്കുമരുന്ന്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ ശീലിക്കുന്നതും മൊബൈൽ, ടി വി, കമ്പ്യുട്ടർ, ടാബ്, ഇൻറർനെറ്റ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ അഡിക്റ്റാവുന്നതും ഇപ്രായത്തിലാണ്.
മാനസികവും ശാരീരികവുമായ കുറ്റങ്ങളും കുറവുകളും നേരിടുന്ന കൗമാരക്കാരിൽ അപകർഷതാബോധം ഉടലെടുക്കുക സ്വഭാവികമാണ്.

അമിതമായ ഉറക്കം, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള അത്യാർത്തി, ഒട്ടും താത്പര്യമില്ലായ്മ, കഴിക്കുന്ന ഭക്ഷണം മുഴുവൻ ഛർദിക്കുന്ന സ്വഭാവം, മറ്റുള്ളവരോട് കൂട്ടുകൂടാൻ വിമുഖത, കൂട്ടുകുടുംബങ്ങളോട് സംസാരിക്കാതിരിക്കൽ, മുറിയിൽ അടച്ചിരിക്കൽ, മരണത്തെക്കുറിച്ച് സംസാരിക്കൽ, അകാരണമായി ദേഷ്യം പിടിക്കൽ തുടങ്ങിയവയെല്ലാം ജീവിത നൈരാശ്യം നേരിടുന്നവരിൽ കാണുന്ന ലക്ഷണങ്ങളാണ്.

കൗമാരക്കാരുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠന പ്രയാസങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും ഇവ പരിഹരിക്കുന്നതിനുമാവശ്യമായ പോംവഴികൾ കണ്ടെത്തുന്നതിനും രക്ഷിതാക്കളേയും കുട്ടികളെയും പ്രാപ്തരാക്കണം. കുട്ടികളുടെ കൂട്ടുകെട്ടുകളെ കുറിച്ചും സുഹൃത്തുക്കളാരാണെന്നും മാതാപിതാക്കള്‍ നിരീക്ഷിക്കണം. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തില്‍ സുഹൃത്തുക്കള്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നതിനാല്‍ മോശം കൂട്ടുകെട്ടില്‍ നിന്നും കുട്ടികളെ സാവകാശം ഉപദേശിച്ച് പിന്തിരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ഒരാള്‍ തന്റെ കൂട്ടുകാരന്റെ മനോഗതിയിലായിരിക്കുമെന്ന പ്രവാചക വചനം കൗമാരപ്രായത്തില്‍ മക്കള്‍ ആരുമായിട്ടാണ് ചങ്ങാത്തം കൂടുന്നത് എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന പാഠമാണ് നൽകുന്നത്. നബി(സ) പറഞ്ഞു: “നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സുഹൃത്തിന്റെ “മത’ത്തിലായിരിക്കും. അതിനാല്‍ ഓരോരുത്തരും ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് നോക്കട്ടെ’ (തിര്‍മിദി).

കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൺകുട്ടികളുടെ വേഷം അനുകരിക്കുന്നതും പുത്തൻ ഫാഷനിലുള്ള ഇറുകിയ വസ്ത്രം ധരിക്കുന്നതും എളുപ്പത്തിൽ ചതിക്കുഴിയിൽ അകപ്പെടാൻ ഇടവരുത്തും.
കൗമാരം സ്വപ്നങ്ങൾ നെയ്തെടുക്കുന്ന കാലമാണ്. അരുതായ്മകളുടെ സ്വരങ്ങൾ മാത്രം കേൾക്കുന്നതിനു പകരം ഉൾപ്രേരണയുണ്ടാക്കുന്ന സാരോപദേശങ്ങളും പ്രചോദത്തിന്റെ പ്രകാശവും അവർക്കു പകർന്നു നൽകണം. അല്ലാതിരുന്നാൽ അവരില്‍ ശാഠ്യവും നിഷേധാത്മക മനോഭാവവും ഉടലെടുക്കും. അത് ജീവിത നൈരാശ്യത്തിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും നയിക്കും.

തിരുനബി(സ)യുടെ പ്രധാന സദസ്സുകളിലും കൂടിയാലോചനാ സമിതികളിലുമെല്ലാം കൗമാരക്കാരുണ്ടായിരുന്നു. കൗമാരക്കാരെ പ്രത്യേകം പരിഗണിച്ചതിന്റെ പരിണിത ഫലമായാണ്
കൗമാരത്തിലേക്ക് കാലെടുത്തുവെച്ച മഹാനായ അലി(റ) മൂന്നാമത്തെ വിശ്വാസിയായാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അവിടുത്തെ ഉപദേശങ്ങളെല്ലാം വശ്യമനോഹരവും ഹൃദ്യവും മൃദുലവുമായിരുന്നു. കുത്തുവാക്കുകളോ കടുംപിടിത്തം പരുഷതയോ ഇല്ലാതെ നിറഞ്ഞ സ്നേഹത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയുമായിരുന്നു അവിടുന്ന് നൽകിയ ഉപദേശങ്ങളെല്ലാം.

കൗമാരക്കാരനായിരുന്ന തന്റെ പിതൃവ്യ പുത്രൻ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന് തിരുനബി(സ) നല്‍കിയ സാരോപദേശങ്ങൾ ചിന്തോദ്ദീപകമാണ്. തിരുനബി(സ)യെ അക്ഷരാർഥത്തിൽ അതിസൂക്ഷ്മമായി പിന്തുടര്‍ന്ന മഹാനുഭാവന് തന്റെ ബാല്യകാലവും കൗമാരവും തിരുനബി (സ)യുടെ നിറസാന്നിധ്യം അനുഭവിക്കാൻ സാധിച്ചതിനാൽ ചെറുപ്രായത്തിൽ തന്നെ സമുദ്ര സമാനമായ വിജ്ഞാനം നുകരാൻ സാധിച്ചു. ഒരിക്കൽ പ്രവാചകരോടൊപ്പം ഒട്ടകപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോൾ ഇബ്നു അബ്ബാസ്(റ) വിനോട് അവിടുന്ന് പറഞ്ഞു: “മകനേ, ചില കാര്യങ്ങള്‍ നിന്നോട് ഞാൻ പറയുന്നു. എല്ലാം ശ്രദ്ധയോടെ കേള്‍ക്കണം. സ്രഷ്ടാവിനെ സദാ സമയവും സൂക്ഷിക്കണം. എങ്കിൽ അവന്‍ നിന്നെ സംരക്ഷിച്ചു കൊള്ളും. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുമെങ്കില്‍ നിന്റെ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും അവനെ നിനക്കുമുന്നില്‍ കാണാനാകും. എല്ലാം അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്. അവനോടാണ് സഹായം തേടേണ്ടതും. ഒരു കാര്യം ഓർമ വേണം; ഒരു സമൂഹം ഒന്നടങ്കം ശ്രമിച്ചാലും അല്ലാഹു നിനക്കു നിശ്ചയിച്ചതല്ലാതെ യാതൊന്നും അവര്‍ക്കു ചെയ്തു തരാന്‍ സാധിക്കില്ല. സമൂഹം മുഴുവന്‍ ഒരുമിച്ചാലും അല്ലാഹു നിനക്കായി തീരുമാനിച്ച പരീക്ഷണമല്ലാതെ മറ്റൊരു ഉപദ്രവവും നിന്നെ ഏല്‍പ്പിക്കാനും അവര്‍ക്കാകില്ല. പേനകൾ ഉയർത്തപ്പെട്ടു കഴിഞ്ഞു, പേജുകൾ ഉണങ്ങുകയും ചെയ്തു” (തിര്‍മിദി).

Latest