Connect with us

Kuwait

സുരക്ഷാ പരിശോധന; കുവൈത്തില്‍ ആദ്യ ദിവസം പിടിയിലായത് 500ല്‍ അധികം നിയമലംഘകര്‍

പിടിയിലായവരില്‍ 30 വര്‍ഷത്തോളമായി വിസ പുതുക്കാത്തവരും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രാജ്യവ്യാപക പരിശോധനാ കാമ്പയിന്‍ ഒരു ദിവസം പിന്നിട്ടപ്പോള്‍ 500 ല്‍ അധികം നിയമലംഘകര്‍ പിടിയിലായതായി റിപോര്‍ട്ട്. പിടിയിലായവരില്‍ 15 മുതല്‍ 30 വര്‍ഷം വരെയായി താമസരേഖകള്‍ ഇല്ലാതെ രാജ്യത്ത് താങ്ങിയവരും ഉള്‍പ്പെടുന്നു.

ഇന്ന് കാലത്ത് ആരംഭിച്ച പരിശോധനയില്‍ ജഹ്റ ഗവര്‍ണറേറ്റില്‍ മാത്രം 90ഓളം നിയമലംഘകര്‍ പിടിയിലായി. 22 വര്‍ഷമായി റെസിഡന്‍സി പുതുക്കാത്ത ബംഗ്ലാദേശി പൗരനും ഇതില്‍ ഉള്‍പ്പെടും. ജലീബ് ശുവൈഖ്, കൈത്താന്‍, ഫര്‍വാനിയ എന്നീ ഏരിയകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കുള്ള എല്ലാ കാവടങ്ങളും അടച്ചായിരുന്നു അധികൃതരുടെ പരിശോധന.

ഹവല്ലി, അഹ്മദി ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലെ പരിശോധനയിലും നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. അതേസമയം, പിടിക്കപ്പെട്ടവരില്‍ 90ല്‍ അധികം പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിസയില്‍ കുവൈത്തില്‍ എത്തി ഓടിപ്പോയവരാണ്. 30 വര്‍ഷമായി രേഖകളൊന്നും ഇല്ലാത്ത ഒരാളും ഇതില്‍ പെടും.

ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നിയമലംഘകരെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ച സുരക്ഷാ കാമ്പയിന്‍ വരും ദിവസങ്ങളിലും അതിശക്തമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ പിടിയലാകുന്നവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാല് ദിവസത്തിനകം നാടുകടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ക്ക് ജോലി നല്‍കിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മേല്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

യഥാര്‍ഥ സ്പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന സാധുവായ രേഖകള്‍ ഉള്ളവരെയും നിയമലംഘകരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പിടികൂടി നാട് കടത്തുമെന്നും മന്ത്രാലയം പറഞ്ഞു. പരിശോധനക്കു വിധേയരാകുന്നവരോടും പിടിയിലാകുന്നവരോടും മാനുഷികമായി മാത്രം പെരുമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് കര്‍ശന നിര്‍ദേശം നല്‍കി.