Uae
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഗവണ്‍മെന്റിന്റെ മുന്‍ഗണന: പ്രസിഡന്റ്
രാജ്യത്തുടനീളം അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ പ്രകടമാക്കിയ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിലവാരത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
അബൂദബി | പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് യു എ ഇ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തുടനീളം അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ പ്രകടമാക്കിയ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിലവാരത്തെ അദ്ദേഹം അഭിനന്ദിച്ചു.
യു എ ഇയിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വേഗത്തില്‍ പഠിക്കാനും മഴക്കു ശേഷമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താനും ശൈഖ് മുഹമ്മദ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാനും പ്രസിഡന്റ് ഉത്തരവിട്ടു.
പ്രതിരോധശേഷിക്ക് അഭിനന്ദനം
ദുബൈ രാജ്യം അനുഭവിച്ച അസാധാരണമായ കാലാവസ്ഥയില്‍ രാജ്യത്തിന്റെ പ്രതിരോധശേഷിയെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിനന്ദിച്ചു.
‘അസാധാരണമായ കാലാവസ്ഥയില്‍ യു എ ഇയെ സുരക്ഷിതമാക്കിയ അല്ലാഹുവിന്റെ കൃപയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നു. രാവും പകലും അശ്രാന്തമായി അധ്വാനിക്കുന്ന പൗരന്മാരുടെയും താമസക്കാരുടെയും അര്‍പ്പണബോധത്തോടെയുള്ള പരിശ്രമത്താലും രാജ്യം സുരക്ഷിതമാണ്.
പ്രതിസന്ധികള്‍ രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഓരോ കോണിലും പൗരന്മാരും താമസക്കാരും പ്രകടിപ്പിക്കുന്ന പ്രതിബദ്ധത, ബോധം, ഐക്യദാര്‍ഢ്യം, മഹത്തായ സ്‌നേഹം എന്നിവ അത് അടിവരയിടുന്നു.’- അദ്ദേഹം പറഞ്ഞു.