Connect with us

Editorial

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ

നിയമങ്ങളുടെയും ആശുപത്രി സംവിധാനങ്ങളുടെയും അപര്യാപ്തത മാത്രമല്ല, കേസുകള്‍ യഥാവിധി കൈകാര്യം ചെയ്യപ്പെടുകയോ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

Published

|

Last Updated

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രക്ഷോഭം തുടര്‍ന്നു കൊണ്ടിരിക്കെ, കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ മഥുര ഡി എസ് ആശുപത്രിയിലും അരങ്ങേറി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം. ബി ജെ പി നേതാവും മന്‍ത് മണ്ഡലം എം എല്‍ എയുമായ രാജേഷ് ചൗധരിയുടെ ബന്ധുക്കളാണ് ഐ സി യുവില്‍ അതിക്രമിച്ചു കയറി ആരോഗ്യ പ്രവര്‍ത്തകരെ പൊതിരെ തല്ലുകയും ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്.

ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന രാജേഷ് ചൗധരി എം എല്‍ എയുടെ മാതാവിനെ കാണാനാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത്. ഇവര്‍ കൂട്ടത്തോടെ ഐ സി യുവിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്നാണ് സന്ദര്‍ശക സംഘം അക്രമത്തിലേക്ക് തിരിയുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തത്. വിവരം അറിഞ്ഞെത്തിയ മറ്റു ജീവനക്കാരും അക്രമത്തിന് വിധേയരായി. അതേസമയം ഐ സി യുവിലെ രോഗിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ കത്രികയും ഇരുമ്പ് വടിയും ഉപയോഗിച്ച് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശക സംഘം ജീവനക്കാരെ മര്‍ദിക്കുന്ന രംഗം സി സി ടി വിയില്‍ ദൃശ്യമാണ്. ഉത്തര്‍ പ്രദേശില്‍ മൂന്നാഴ്ച മുമ്പും അരങ്ങേറിയിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമം. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളജില്‍ സെപ്തംബര്‍ 31ന് അത്യാസന്ന നിലയിലിരിക്കുന്ന ഒരു രോഗി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് രോഗികളുടെ ബന്ധുക്കള്‍ ഡോക്ടറെ അക്രമിച്ചത്.

കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും പ്രഖ്യാപനങ്ങളും ശക്തമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി രൂപവത്കരിക്കുമെന്നും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം പ്രഖ്യാപിക്കുകയുണ്ടായി. 26 സംസ്ഥാനങ്ങള്‍ ഇതിനകം നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുമുണ്ട്. കൊല്‍ക്കത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തിപ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമാധാനത്തോടെയും സുരക്ഷാ ബോധത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം കൈവന്നിട്ടില്ല.

അടുത്തിടെ ഡല്‍ഹി എയിംസ്, വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജ്, സഫ്ദര്‍ജംഗ് ആശുപത്രി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. ഫാക്വല്‍റ്റി അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ് തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 1,566 ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍, പകുതിയിലധികം പേരും (58.2 ശതമാനം) ജോലി സ്ഥലത്ത് സുരക്ഷിതത്വമില്ലെന്നാണ് അറിയിച്ചത്. 78 ശതമാനം പേര്‍ ഡ്യൂട്ടിയില്‍ ഭീഷണി നേരിടുന്നതായും വെളിപ്പെടുത്തി. പകുതിയോളം പേര്‍ക്ക് രാത്രി ഡ്യൂട്ടി സമയത്ത് പ്രത്യേക ഡ്യൂട്ടി റൂം ലഭ്യമല്ല. 62 ശതമാനം പേര്‍ക്ക് എമര്‍ജന്‍സി അലാറ സംവിധാനവുമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്യുന്നവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക, ഡ്യൂട്ടി മുറിയുടെ അവസ്ഥ മെച്ചപ്പെടുത്തുക, അക്രമം കൈകാര്യം ചെയ്യുന്നതിനുള്ള നിയമ നിര്‍മാണം നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് പഠന സംഘം.

സുരക്ഷാ ഭീഷണിക്കു പുറമെ അനുകൂലമല്ലാത്ത തൊഴില്‍ സാഹചര്യം, ഉയര്‍ന്ന തരത്തിലുള്ള സമ്മര്‍ദങ്ങള്‍, നീണ്ട ജോലി സമയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, സുരക്ഷിതരല്ലാത്ത രോഗികളെ കൈകാര്യം ചെയ്യല്‍, രാസവസ്തുക്കളുടെ ഉപയോഗം, റേഡിയേഷന്‍ തുടങ്ങി നിരവധി പ്രശ്നങ്ങളും നേരിടുന്നുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍.

പകര്‍ച്ചവ്യാധികളുടെ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും. കൊവിഡ് വ്യാപന കാലത്ത് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ 23 ശതമാനം പേര്‍ക്ക് വിഷാദ രോഗവും 29 ശതമാനത്തിന് ഉറക്കമില്ലായ്മയും അനുഭവപ്പെട്ടിരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആരോഗ്യ മേഖലയുടെ നട്ടെല്ലാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലബോറട്ടറി ടെക്നീഷ്യന്മാര്‍, ഹെല്‍ത്ത് ടെക്നീഷ്യന്മാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍. ജോലി സ്ഥലത്ത് ഈ വിഭാഗത്തിന്റെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കേണ്ടത് അവരുടെ മാത്രമല്ല, ആരോഗ്യ മേഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും അനിവാര്യമാണ്.

നിയമങ്ങളുടെയും ആശുപത്രി സംവിധാനങ്ങളുടെയും അപര്യാപ്തത മാത്രമല്ല, കേസുകള്‍ യഥാവിധി കൈകാര്യം ചെയ്യപ്പെടുകയോ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പലപ്പോഴും അക്രമികള്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരായിരിക്കും. അധികൃതരെ വിലക്കെടുത്തോ സ്വാധീനിച്ചോ ഇവര്‍ കേസുകളില്‍ നിന്ന് തടിയൂരുകയോ കേസുകള്‍ അട്ടിമറിക്കുകയോ ചെയ്യും. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ മഥുര ഡി എസ് ആശുപത്രിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍, പ്രതികള്‍ എം എല്‍ എയുടെ ബന്ധുക്കളായതിനാല്‍ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിമുഖത കാണിച്ചുവെന്നാണ് റിപോര്‍ട്ട്. കൊല്‍ക്കത്ത സംഭവത്തിലും പ്രതികളെ രക്ഷപ്പെടുത്താന്‍ ചില ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നതായി ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചിരുന്നു. ഈ നില മാറണം. കുറ്റവാളികള്‍ എത്ര ഉന്നതരും സ്വാധീനമുള്ളവരുമാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട്.

 

Latest