Articles
ഹിന്ദി ബെല്‍റ്റില്‍ കാവി പരക്കുകയാണ്
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കൂടി അപകടപ്പെടുത്തിയിരിക്കുന്നു എന്നത് നാല് സംസ്ഥാനങ്ങളിലെ ഫലം "ഇന്ത്യ' മുന്നണിക്ക് നല്‍കുന്ന വലിയ അപായ സൂചനയാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഡ്രസ്സ് റിഹേഴ്‌സലായി പരിഗണിക്കപ്പെടാവുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്തും ഫലം വന്നപ്പോള്‍ എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ബി ജെ പി മൂന്ന് സംസ്ഥാനങ്ങളിലും അധികാരം പിടിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ താഴെയിറക്കിയാണ് ബി ജെ പി ശക്തി തെളിയിച്ചത്. ചന്ദ്രശേഖര്‍ റാവുവിന്റെ ഒരു പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് ചരിത്രത്തിലാദ്യമായി തെലങ്കാനയില്‍ അധികാരത്തിലെത്താനായത് മാത്രമാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ആകെയുള്ള ആശ്വാസം. ബി ജെ പി അധികാരം പിടിച്ച സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് മാറ്റിനിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഒരു നേതാവിനെയും മുന്നില്‍ നിര്‍ത്താതെയായിരുന്നു ബി ജെ പിയുടെ പ്രചാരണം മുന്നോട്ട് പോയത്. മികച്ച നേതാവുണ്ടായിരുന്ന മധ്യപ്രദേശില്‍ പോലും ശിവരാജ് സിംഗ് ചൗഹാനേക്കാള്‍ മുകളിൽ മോദിയെയാണ് പ്രചാരണ രംഗത്ത് കാര്യമായി ബി ജെ പി ഉയര്‍ത്തിക്കാണിച്ചത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഉണ്ടായ മോദി ഫാക്ടര്‍ മാഞ്ഞുപോകുന്നു എന്ന നരേറ്റീവ് തിരുത്താന്‍ പാകത്തില്‍ അത്ഭുതകരമായ മോദി മാജിക്കില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ കാവി പരക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം പങ്കുവെക്കുന്ന ഏറ്റവും പ്രധാന വസ്തുത. അതേസമയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കൂടി അപകടപ്പെടുത്തിയിരിക്കുന്നു എന്നതും നാല് സംസ്ഥാനങ്ങളിലെ ഫലം “ഇന്ത്യ’ മുന്നണിക്ക് നല്‍കുന്ന വലിയ അപായ സൂചനയാണ്.
പതിവ് ആവര്‍ത്തിച്ച് രാജസ്ഥാന്‍
മൂന്ന് പതിറ്റാണ്ട് കാലമായി ഒരു പാര്‍ട്ടിക്കും ഭരണത്തുടര്‍ച്ച നല്‍കിയിട്ടില്ലാത്ത രാജസ്ഥാന്‍ ആ പതിവ് ആവര്‍ത്തിച്ചു എന്നതിനപ്പുറം വലിയ സന്ദേശമൊന്നും നല്‍കുന്നില്ലെങ്കിലും ഭരണത്തില്‍ മെച്ചപ്പെട്ട റെക്കോര്‍ഡുണ്ടായിട്ടും കോണ്‍ഗ്രസ്സിന്റെ സീറ്റ് നഷ്ടവും വോട്ട് ബേങ്കിലെ ചോര്‍ച്ചയും പാര്‍ട്ടിക്ക് ഭാവിയില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിലും വലിയ ക്ഷീണം ചെയ്യാവുന്ന തരത്തിലുള്ളതാണ്.ആവര്‍ത്തിക്കപ്പെടുന്ന ട്രെന്‍ഡിനെ മറികടക്കാന്‍ പാകത്തില്‍ ഇത്തവണ ഭരണം നിലനിര്‍ത്താന്‍ അനുകൂല സാഹചര്യം മുന്നിലുണ്ടായിട്ടും വോട്ട് വിഹിതത്തില്‍ പോലും കാര്യമായ നഷ്ടമില്ലാതെ സീറ്റ് വ്യത്യാസത്തിലുണ്ടായ വലിയ തകര്‍ച്ച രാജസ്ഥാനിലെ പാര്‍ട്ടിയുടെ സംഘടനാപരമായ പ്രതിസന്ധിയുടെ പ്രശ്‌നങ്ങളെ കൂടി അക്കമിട്ട് കാണിക്കാന്‍ പാകത്തിലുള്ളതാണ്. സച്ചിന്‍-ഗെഹ്‌ലോത്ത് പോരും കോണ്‍ഗ്രസ്സിന്റെ വോട്ട് ബേങ്കിനെ കാര്യമായി പിളര്‍ത്തിയിട്ടുണ്ട്. ഭരണത്തോട് എതിര്‍പ്പുള്ള നാല്‍പ്പതോളം എം എല്‍ എമാര്‍ക്ക് വീണ്ടും സീറ്റുകള്‍ നല്‍കിയതും ജനവിധിയെ സ്വാധീനിച്ചതായി കാണാം. തോല്‍വി മണത്ത ശേഷമുള്ള സച്ചിന്റെ വിജയവും ഗ്രൗണ്ടില്‍ കാര്യങ്ങള്‍ എത്രത്തോളം കോണ്‍ഗ്രസ്സിന് എതിരായിരുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം കൃത്യമായി അഡ്രസ്സ് ചെയ്യാനായതാണ് ബി ജെ പിയുടെ വിജയത്തിന്റെ കാതല്‍. സിന്ധ്യയുടെ ഇഷ്ടക്കാരെ മാറ്റി നിര്‍ത്തി തലമുതിര്‍ന്ന എം പിമാരെ രംഗത്തിറക്കിയതും ബി ജെ പിയുടെ സാധ്യതകളെ എളുപ്പമാക്കി. 2024ലെ ട്രെന്‍ഡിനെ ഈ തിരഞ്ഞെടുപ്പ് വലിയ അളവില്‍ സ്വാധീനിക്കില്ലെങ്കിലും പ്രചാരണ രംഗത്ത് കോണ്‍ഗ്രസ്സിനെക്കാല്‍ മുന്‍തൂക്കം ബി ജെ പിക്ക് നേടാന്‍ ഈ ഫലം സഹായിച്ചേക്കും.
എതിരാളികളില്ലാതെ ചൗഹാന്‍
2005ല്‍ മധ്യപ്രദേശിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ 2018-2020 കാലയളവില്‍ 15 മാസം കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്ന കാലയളവ് മാറ്റി നിര്‍ത്തിയാല്‍ ശിവരാജ് സിംഗ് ചൗഹാനല്ലാതെ മറ്റൊരാള്‍ ബി ജെ പിക്ക് മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ പോലും മുന്നിലുണ്ടായിരുന്നില്ല. നാല് തവണ മുഖ്യമന്ത്രിയായ ചൗഹാനെ പക്ഷേ ഇത്തവണ ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ ബി ജെ പി മുഖ്യപ്രചാരകരില്‍ നിന്ന് വരെ തഴയുകയായിരുന്നു. വലിയ തിരഞ്ഞെടുപ്പ് റാലികളിലെല്ലാം നേതൃസ്ഥാനത്ത് വന്നത് കേന്ദ്ര നേതാക്കളായിരുന്നു. ചൗഹാന്റെ കാലം അവസാനിച്ചു എന്ന് വിധി എഴുതി തുടങ്ങിയ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തെ വരെ ഞെട്ടിപ്പിക്കുന്ന ഫലമാണ് മധ്യപ്രദേശിലേത്. കോണ്‍ഗ്രസ്സ് മുന്നേറുമെന്ന് ബി ജെ പി വരെ രഹസ്യമായി വിശ്വസിച്ചു എന്നതിന്റെ സൂചനയായാണ് ചൗഹാന്റെ മാറ്റിനിര്‍ത്തല്‍ പോലും നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍ അവസാന തിരഞ്ഞെടുപ്പിനെക്കാള്‍ 54 സീറ്റുകള്‍ അധികം നേടി. കോണ്‍ഗ്രസ്സിനേക്കാള്‍ 7.6 ശതമാനം വോട്ട് വിഹിതവും ഉയര്‍ത്തി. ബി ജെ പിക്ക് അത്ര പെട്ടെന്ന് കൈവിട്ടു പോകാത്ത കോട്ടയായി മധ്യപ്രദേശിനെ മാറ്റിയതില്‍ ചൗഹാന്‍ എന്ന മുഖ്യമന്ത്രിക്കുള്ള പങ്ക് ഇനി ബി ജെ പിക്ക് അവഗണിക്കാനാകില്ല. രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ സംഭവിച്ച പതനം പോലെയല്ല മധ്യപ്രദേശിലേത് എന്നതാണ് 2024ലെ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ബി ജെ പിയുടെ വികസന രാഷ്ട്രീയത്തെ കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് പരാജയത്തിന്റെ ആഴം വര്‍ധിപ്പിച്ചത്.തിരഞ്ഞെടുപ്പ് റാലികളിലത്രയും ബി ജെ പി സംസാരിച്ചത് വികസനത്തെ കുറിച്ചായിരുന്നു. പക്ഷേ ബി ജെ പി ഉപേക്ഷിച്ചു തുടങ്ങിയ ഹിന്ദുത്വ കാര്‍ഡില്‍ കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പുതിയ ഗെയിം പ്ലാന്‍ തയ്യാറാക്കി വിജയിപ്പിക്കാന്‍ ശ്രമിച്ചതാണ് ന്യൂനപക്ഷ വോട്ട് ബേങ്കില്‍ കാര്യമായ വിള്ളലുണ്ടാക്കിയത്. രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ സംഭവിച്ച പരാജയം പോലെ കോണ്‍ഗ്രസ്സിന് തിരിച്ചു കയറാന്‍ കഴിയുന്ന ആഴത്തിലുള്ളതല്ല ഈ പതനം.
പ്രവചനങ്ങളെ അസ്ഥാനത്താക്കി ഛത്തീസ്ഗഢ്
കോണ്‍ഗ്രസ്സിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. മോദി ഫാക്ടര്‍ ഏറ്റവും വലിയ അളവില്‍ പ്രവര്‍ത്തിച്ച 2018ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ വിജയം നല്‍കിയ സംസ്ഥാനത്ത് ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തില്‍ മെച്ചപ്പെട്ട ഭരണവും കാഴ്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തുമെന്ന് ഏറ്റവും കൂടുതല്‍ സാധ്യത പ്രവചിക്കപ്പെട്ട സംസ്ഥാനം കൂടിയായിരുന്നു ഛത്തീസ്ഗഢ്. പക്ഷേ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചാണ് സംസ്ഥാനത്ത് ബി ജെ പി മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കാള്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രംഗത്ത് ചര്‍ച്ചയായത് മോദി സര്‍ക്കാറിന്റെ വാഗ്ദാനങ്ങളായിരുന്നു. ബി ജെ പിയുടെ പെട്ടിയില്‍ വോട്ട് എത്തിക്കുന്നതില്‍ സ്‌ക്വാഡ് വാര്‍ക്കുകള്‍ കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് കഴിഞ്ഞാല്‍ ബി ജെ പി സംഘടനാപരമായി കാര്യമായി പണിയെടുത്ത സംസ്ഥാനത്ത് കൃത്യമായ ഫലം കണ്ടു എന്നതാണ് സത്യം. ബി ജെ പി നേതാക്കളുടെ വീടുകള്‍ കയറിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ്സിന്റെ വോട്ട് ബേങ്കില്‍ കാര്യമായ വിള്ളലുണ്ടാക്കിയത്.
തെലങ്കാനയിലെ പ്രതീക്ഷ
സംസ്ഥാന രൂപവത്കരണത്തിന് കാരണക്കാരനായ തെലുങ്കരുടെ ദേശപിതാവായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കെ ചന്ദ്രശേഖര്‍ റാവു എന്ന നേതാവിന്റെ രാഷ്ട്രീയ പതനമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാനിരിക്കുന്ന വിഷയം. അതേസമയം ഒരു പതിറ്റാണ്ട് നീണ്ട ബി ആര്‍ എസ് ഭരണത്തിന് കര്‍ട്ടനിട്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഗതി തന്നെമാറ്റിയ രേവന്ദ് റെഡ്ഡി എന്ന യുവ കോണ്‍ഗ്രസ്സ് നേതാവിന്റെ രാഷ്ട്രീയ തേരോട്ടവും ഇനിയുള്ള നാളുകളില്‍ സംസ്ഥാനത്ത് ചൂടേറിയ സംവാദ വിഷയമാകും. ഭാരത് ജോഡോ യാത്ര വലിയ റിസല്‍ട്ടുണ്ടാക്കിയ തിരഞ്ഞെടുപ്പ് എന്ന തരത്തിലാകും തെലങ്കാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക. ആറ് മാസം മുമ്പ് വരെ ഒരു സാധ്യതയും കല്‍പ്പിക്കപ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിക്ക് അധികാരം നല്‍കുന്നതില്‍ രേവന്ദ് റെഡ്ഡിക്കുള്ള പങ്ക് അവഗണിക്കാന്‍ കഴിയില്ല. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ഉണ്ടാക്കിയ ഓളം, കെ സി ആറിലേക്ക് തന്നെ കൃത്യമായി അസ്ത്രങ്ങള്‍ തൊടുത്തുവിട്ട രാഷ്ട്രീയ അക്രമങ്ങള്‍, ഭരണവിരുദ്ധ വികാരത്തെ ജനങ്ങളുടെ സാധാരണ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി തിരഞ്ഞെടുപ്പ് റാലികളില്‍ ചര്‍ച്ചാ വിഷയമാക്കിയതൊക്കെ കോണ്‍ഗ്രസ്സിന്റെ അട്ടിമറി വിജയത്തിന്റെ മുഖ്യകാരണങ്ങളായി. വിഭാഗീയത മറന്ന കര്‍ണാടക മോഡല്‍ സംഘടനാ പ്രവര്‍ത്തനവും കോണ്‍ഗ്രസ്സിന്റെ മുന്നേറ്റത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്. സര്‍വ സന്നാഹവും ഉപയോഗിച്ച്പ്രചാരണം നടത്തിയിട്ടും ബി ജെ പിക്ക് രണ്ടക്കം കടക്കാനാകാതെ പോയത് ദക്ഷിണേന്ത്യയില്‍ കാവി മായുന്നു എന്ന സൂചനയാണ് നല്‍കുന്നത്. പക്ഷേ അതൊരു പ്രതീക്ഷയായി കാണാന്‍ പാകത്തില്‍ 2024ലെ പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല എന്നിടത്താണ് തെലങ്കാന ഫലത്തില്‍ താത്കാലിക ആശ്വാസം എന്നതിനപ്പുറം കോണ്‍ഗ്രസ്സിന് ആഘോഷിക്കാന്‍ വക നല്‍കാത്തത്.