Connect with us

Kerala

കലിക്കറ്റ് എന്‍ ഐ ടി കാമ്പസ്സില്‍ കാവിവല്‍ക്കരണം; പ്രതിഷേധിച്ച വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വന്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനു മുന്നില്‍ അധികൃതര്‍ തലകുനിച്ചു

Published

|

Last Updated

കോഴിക്കോട് | മുക്കത്തെ കലിക്കറ്റ് എന്‍ ഐ ടി യില്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.  രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍, കാംപസിനെ കാവിവത്കരിക്കാന്‍ അധികൃതരുടെ ഒത്താശയോടെ നടന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയായിരുന്നു ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ക്യാമ്പസ്സിനകത്തും പുറത്തും നടന്ന രൂക്ഷമായ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നാണു നടപടി പിന്‍വലിച്ചത്. വൈശാഖ് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ എന്‍ ഐ ടിക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം നാല് വരെയാണ് അവധി.

വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു കാംപസിനുമുന്നില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നത്. കാംപസിനകത്ത് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലും വന്‍പ്രതിഷേധം സംഘടിപ്പിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാംപസിലെ സ്പിരിച്വാലിറ്റി ആന്‍ഡ് സയന്‍സ് (എസ് എന്‍ എസ്) ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ഗീയ പരിപാടിക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിലാണു നാലാംവര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കാംപസിലെ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.ടി.യിലെ വിദ്യാര്‍ഥികള്‍ കാംപസിലെ പ്രധാന കവാടങ്ങളെല്ലാം ഉപരോധിച്ചു. സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച ഉപരോധം രാത്രിവരെ നീണ്ടു.പുറത്തേക്ക് കടക്കാനുള്ള കവാടങ്ങളെല്ലാം വിദ്യാര്‍ഥികള്‍ റോഡിലിരുന്ന് ഉപരോധിച്ചതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ ഏറെനേരം കാംപസിനകത്ത് കുടുങ്ങി.

എന്‍.ഐ.ടി.യുടെ പ്രധാന കവാടത്തിനകത്തും കമ്പനിമുക്ക് ഭാഗത്തെ കവാടത്തിനകത്തും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് റോഡിലിരുന്നു. വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കുമെന്ന അറിയിപ്പ് പുറത്തുവരും വരെ ഉപരോധം തുടര്‍ന്നു.

വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. എസ് എഫ് ഐ സംസ്ഥാനകമ്മിറ്റിയംഗം മിഥുന്‍ പന്തീരാങ്കാവ്, ഏരിയാ പ്രസിഡന്റ് യാസിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കാംപസ് കവാടത്തിനുമുന്നില്‍ കെ എസ് യു പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ത്രിവര്‍ണഭൂപടം തീര്‍ത്തു. എന്‍ ഐ ടിയിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനൊരുങ്ങി കെ എസ് യു നേതാക്കളെ പോലീസ് തടഞ്ഞതോടെ കെ.എസ്.യു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

 

 

Latest