Kerala
സാഹിത്യോത്സവ് അവാര്‍ഡ് ശശി തരൂരിന്
ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുൻ നിർത്തിയാണ് ഈ പുരസ്കാരമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി
കോഴിക്കോട് |ഈ വർഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശി തരൂരിന്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുൻ നിർത്തിയാണ് ഈ പുരസ്കാരമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി അറിയിച്ചു.
കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അമ്പതിനായിരത്തിഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിനു വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കിവരുന്നത്. എൻ എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ പി രാമനുണ്ണി, വീരാൻകുട്ടി തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്.
എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവ് പരിപാടികളുടെ സംസ്ഥാന തല സമാപനം നടക്കുന്ന തിരുവനന്തപുരത്ത് ഈ മാസം 11 വെള്ളിയാഴ്ച അവാര്‍ഡ്ദാനം നടക്കും.