Connect with us

Articles

അനാഥമാകേണ്ടതല്ല സായിബാബയുടെ രാഷ്്ട്രീയം

അന്യായമായി ജയിലില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ക്ക് നേരെ കണ്ണ് തുറക്കാനും ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കാനും ജനാധിപത്യ മനുഷ്യര്‍ തയ്യാറാകുക എന്നതാണ് സായിബാബക്ക് മരണാനന്തരം നല്‍കാന്‍ കഴിയുന്ന മികച്ച ബഹുമതി. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ അവശവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അദ്ദേഹം കാണിച്ച താത്പര്യം വ്യക്തിപരമല്ല. സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം അതിലുണ്ട്.

Published

|

Last Updated

ഡല്‍ഹി സര്‍വകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജി എന്‍ സായിബാബ. പക്ഷേ രാജ്യം ഭരിക്കുന്നവര്‍ക്ക് അദ്ദേഹം അര്‍ബന്‍ നക്സല്‍ ആയിരുന്നു. അങ്ങനെയാണ് ആ മനുഷ്യന്റെ പത്ത് വര്‍ഷത്തെ ജീവിതം ഭരണകൂടം തട്ടിപ്പറിച്ചെടുത്തത്, ജയിലില്‍ തള്ളിയത്. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു കീഴ്പോട്ട് തളര്‍ന്നുപോയിരുന്നു. അപാരമായ ഇച്ഛാശക്തി കൊണ്ട് അദ്ദേഹം ആ പരിമിതിയെ മറികടന്നു. നന്നായി പഠിച്ചു, നല്ല മാര്‍ക്കോടെ ജയിച്ചു. ഒടുവില്‍ അധ്യാപകനായി. പാതി തളര്‍ന്ന ശരീരത്തെ പഴിച്ച് അദ്ദേഹം ഒതുങ്ങിക്കൂടിയില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടു, വ്യക്തതയോടെ രാഷ്ട്രീയം പറഞ്ഞു, അവകാശപ്പോരാട്ടങ്ങളോട് ചേര്‍ന്നുനിന്നു, ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിച്ചു. ഒരാളെ അര്‍ബന്‍ നക്സലാക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.
2014 മെയ് ഒമ്പതിനാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുമായി ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. നക്സല്‍ രചനകള്‍ കൈവശം വെച്ചു എന്ന “ഭീകരമായ കുറ്റകൃത്യ’വും സായിബാബയില്‍ ചാര്‍ത്തപ്പെട്ടു. ചോദ്യങ്ങളില്ലാതെ തടവറ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിന് യു എ പി എയും ചുമത്തി. ഇഷ്ടമില്ലാത്തവരെ ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ ഭരണകൂടവും അവരുടെ മര്‍ദക സംവിധാനങ്ങളും ആരോപിക്കുന്ന സ്ഥിരം കുറ്റങ്ങൾ! അവര്‍ക്ക് പക്ഷേ ജി എന്‍ സായിബാബയെ എന്തു വിലകൊടുത്തും ജയിലില്‍ തള്ളണമായിരുന്നു. ആദിവാസികളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന “ഫോറം എഗൈന്‍സ്റ്റ് വാര്‍ ഓണ്‍ പീപ്പിള്‍’ കണ്‍വീനറായിരുന്നു അദ്ദേഹം. ആദിവാസികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് അടിച്ചോടിച്ച് ആ ഭൂമി കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ ശ്രമം നടക്കുന്ന കാലമാണത്. യു പി എ സര്‍ക്കാറായിരുന്നു അന്ന് അധികാരത്തില്‍. ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത അനവധി ആദിവാസി ഗ്രാമങ്ങള്‍ തീയിട്ടും മറ്റു മാര്‍ഗങ്ങളിലൂടെയും നശിപ്പിച്ചു. ഭരണകൂടം നിസ്വരായ മനുഷ്യരോട് യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ അതിനെതിരെ ശബ്ദിച്ചവരുടെ കൂട്ടത്തില്‍ സായിബാബയുണ്ടായിരുന്നു; അദ്ദേഹത്തിന്റെ സംഘടനയും. “ആദിവാസി മേഖലയിലെ കോര്‍പറേറ്റുകളുടെ കൊള്ളക്കെതിരെ അന്താരാഷ്ട്ര സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. അങ്ങനെയൊരു സംഘടനയുടെയും കണ്‍വീനറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളെയും ഞങ്ങള്‍ സമീപിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരായ വികാരം തന്നെ ആഗോളതലത്തില്‍ ഉയര്‍ന്നു. എന്നെ അവരുടെ ശത്രുവാക്കി മാറ്റാനും കേസ് കെട്ടിച്ചമക്കാനും അവരെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊക്കെയാണ്’ എന്ന് സായിബാബ.

2017ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതി അതിനെ ശരിവെച്ചുകൊണ്ട് ശിക്ഷ വിധിച്ചു. സായിബാബക്ക് പുറമെ ജെ എന്‍ യു വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ടെ എന്നിവര്‍ക്കും ജീവപര്യന്തം ജയില്‍വാസം വിധിച്ചിരുന്നു. ജീവപര്യന്തം പോലും കുറഞ്ഞ ശിക്ഷയാണ് എന്നാണ് സെഷന്‍സ് കോടതി അന്ന് അഭിപ്രായപ്പെട്ടത്! മതിയായ ചികിത്സ ലഭിക്കാതെ പാണ്ഡു നരോട്ടെ 2022 ആഗസ്റ്റില്‍ ജയിലില്‍ മരിച്ചു. സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ട് 2022 ഒക്ടോബര്‍ 14ന് സായിബാബ അടക്കമുള്ളവരുടെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. യു എ പി എ കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സെഷന്‍സ് കോടതി പാലിച്ചില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി വിധിക്ക് സ്റ്റേ വാങ്ങിച്ചു. അവധിദിനത്തില്‍ അസാധാരണമായ സിറ്റിംഗ് നടത്തിയാണ് സുപ്രീം കോടതി സായിബാബക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചത്. അദ്ദേഹത്തിന്റെ ജയില്‍വാസം തുടര്‍ന്നു. സുപ്രീം കോടതിയുടെ തന്നെ നിര്‍ദേശപ്രകാരം ബോംബെ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കേസില്‍ വീണ്ടും വാദം കേട്ടു. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്‍മീകി എസ് എ മെനേസസ് എന്നിവരായിരുന്നു ബഞ്ചില്‍.

സായിബാബക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ബഞ്ചിന് ബോധ്യപ്പെട്ടു. കേസില്‍ യു എ പി എ ചുമത്തിയതിന് ഒരു ന്യായവുമില്ലെന്ന് കോടതി കണ്ടെത്തി. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് അദ്ദേഹത്തെയും കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട മറ്റുള്ളവരെയും വെറുതവിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. മാര്‍ച്ച് ഏഴിന് സായിബാബ ജയില്‍ മോചിതനായി. അപ്പോഴേക്കും അനീതിയുടെ പത്ത് വര്‍ഷം താണ്ടിയിരുന്നു അദ്ദേഹം. ശരീരത്തിന്റെ ചലനശേഷി തൊണ്ണൂറ് ശതമാനവും നഷ്ടമായിരുന്നു. ആരോഗ്യം പാടേ ക്ഷയിച്ചിരുന്നു. ജയിലില്‍ അത്ര ക്രൂരമായ അനുഭവങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. സങ്കീര്‍ണമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയും കോടതിയില്‍ തന്നെയും അദ്ദേഹം അക്കാര്യം പറഞ്ഞിരുന്നു. കോടതി ഇടപെടുമ്പോള്‍ പരിശോധിക്കാന്‍ ആളെത്തും, ചികിത്സ ലഭിക്കില്ല എന്നതായിരുന്നു അവസ്ഥ.

അംഗപരിമിതന്‍ എന്ന പരിഗണന ജയില്‍വാസക്കാലത്ത് കിട്ടിയില്ല എന്ന് മാത്രമല്ല, പോലീസും ജയില്‍ ഉദ്യോഗസ്ഥരുമെല്ലാം അങ്ങേയറ്റം ശത്രുതാപരമായ നിലപാടാണ് അദ്ദേഹത്തോട് കാട്ടിയത്. ജീവനോടെ പുറത്തുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് ജയില്‍മോചിതനായതിന് പിറകെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജയിലില്‍ നേരിട്ട അനുഭവങ്ങള്‍ ഏത് തരത്തിലുള്ളതായിരുന്നു എന്ന് മനസ്സിലാക്കാന്‍ ആ വാക്കുകള്‍ തന്നെ മതിയാകും. 57ാം വയസ്സില്‍ അദ്ദേഹം ജീവിതഭാരങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി മോചിതനാകുമ്പോള്‍ കാലം അദ്ദേഹത്തെ എങ്ങനെയാകും ഓര്‍ക്കുക? ഭരണകൂടത്താല്‍, അതിന്റെ നാനാവിധങ്ങളായ സംവിധാനങ്ങളാല്‍ മാരകമായ പ്രഹരമേറ്റ മനുഷ്യന്‍ എന്നാകും. അപ്പോഴും തലയുയര്‍ത്തി നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് സായിബാബ. ജയില്‍മോചിതനായതിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളടക്കം, ആ ഇച്ഛാശക്തിയെ തോല്‍പ്പിക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു.
എന്തുകൊണ്ട് അദ്ദേഹം നമ്മുടെ സംവിധാനങ്ങള്‍ക്ക് അപ്രിയനായി എന്ന ചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങളുണ്ട്. അതില്‍ പ്രധാനം, അദ്ദേഹം കോര്‍പറേറ്റ് താത്പര്യങ്ങളുടെ വിപരീത ദിശയില്‍ നിലയുറപ്പിച്ച ആളായിരുന്നു എന്നതാണ്. രാജ്യത്തിന്റെ മണ്ണും വിണ്ണും കാടും കടലും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാലത്ത് അതിനെതിരെ ഉയരുന്ന ഏത് ശബ്ദവും രാജ്യദ്രോഹമായി മുദ്രകുത്തപ്പെടും. എത്ര ലാഘവത്തോടെയാണ് സായിബാബ കേസില്‍ യു എ പി എ ചുമത്തപ്പെട്ടത്! അതിനെ സാധൂകരിക്കുന്ന തെളിവ് ഹാജരാക്കാതിരുന്നിട്ടും ഗഡ്ചിറോളി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ എത്രവേഗത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അവര്‍ തടസ്സഹരജിയുമായി സുപ്രീം കോടതിയില്‍ പോകുന്നു. പ്രത്യേക സിറ്റിംഗ് നടത്തി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ശരിവെക്കുന്നു. 10 വര്‍ഷത്തിനു ശേഷം നിരപരാധി എന്ന് ഹൈക്കോടതി വിധിക്കുമ്പോള്‍ ആ മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോയ ആയുസ്സിനും ആരോഗ്യത്തിനും എന്താണ് പകരം നല്‍കുക? എന്ത് നല്‍കിയാലാണ് പരിഹാരമാകുക.

സായിബാബ ജയില്‍ മോചിതനായതിനു പിറകെ ഇതേ കോളത്തിലെഴുതിയ വരികള്‍ ആവര്‍ത്തിക്കാം. “സായിബാബക്ക് അങ്ങേയറ്റം പ്രയാസകരമായ അവസ്ഥയില്‍ ഇരുട്ടുമുറിയില്‍ കഴിയേണ്ടിവന്നത് പതിറ്റാണ്ട് കാലമാണ്. അങ്ങനെയൊരാളെ നിരുപാധികം വിട്ടയക്കുമ്പോള്‍ അത് അര്‍ധ നീതിയേ ആകുന്നുള്ളൂ. അദ്ദേഹത്തിന്റെ ജീവിതം, കരിയര്‍, ചികിത്സ, ബന്ധങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനം- ഇതെല്ലാം പോലീസും ഭരണകൂടവും കവര്‍ന്നെടുത്തിട്ട് ഒടുവില്‍ വെറുംകൈയോടെ വിട്ടയക്കുന്നതിനെ നീതിയെന്ന് വിളിക്കാനാകില്ല.
കള്ളക്കേസില്‍ കുടുക്കിയ അന്വേഷണോദ്യോഗസ്ഥരെ ശിക്ഷിക്കുക, നിരപരാധിയെന്ന് തെളിഞ്ഞയാള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. ഇത് രണ്ടും സംഭവിക്കാത്ത കാലത്തോളം പോലീസിലെ ഭാവനാസമ്പന്നരായ “കഥാകൃത്തുക്കള്‍’ നിരപരാധരെ വേട്ടയാടിക്കൊണ്ടിരിക്കും. സത്യത്തിന് ജയിക്കാതിരിക്കാനാകില്ലെന്ന വസ്തുത അപ്പോഴും ബാക്കിനില്‍ക്കും’.
അന്യായമായി ജയിലില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ക്ക് നേരെ കണ്ണ് തുറക്കാനും ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കാനും ജനാധിപത്യ മനുഷ്യര്‍ തയ്യാറാകുക എന്നതാണ് സായിബാബക്ക് മരണാനന്തരം നല്‍കാന്‍ കഴിയുന്ന മികച്ച ബഹുമതി.
ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ അവശവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അദ്ദേഹം കാണിച്ച താത്പര്യം വ്യക്തിപരമല്ല. സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം അതിലുണ്ട്. അത് തിരിച്ചറിയാതെയുള്ള ഏത് ആദരാഞ്ജലികളും ആ സമര ജീവിതത്തോടുള്ള അനീതിയായിരിക്കും.

Latest