Connect with us

Editorial

സത്യപാല്‍ മാലിക് പറഞ്ഞതും ജനറല്‍ ചൗധരി സ്ഥിരീകരിച്ചതും

നാവടക്കാന്‍ സത്യപാല്‍ മാലിക്കിനോട് പറഞ്ഞവര്‍ ഇപ്പോള്‍ പ്രതികരിച്ചേ തീരൂ. ഇല്ലെങ്കില്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഇരു രാജ്യത്തെയും രാഷ്ട്രീയ നേതൃത്വത്തിന്റെ പവര്‍ ഗെയിമിലെ കരുക്കള്‍ മാത്രമാണെന്ന ധാരണ ഊട്ടിയുറപ്പിക്കപ്പെടും. സൈനികരുടെ മനോവീര്യം തകര്‍ന്നടിയും. പുല്‍വാമ സുരക്ഷാ അട്ടിമറി തന്നെയായിരുന്നുവെന്ന നിഗമനത്തിലെത്തേണ്ടി വരും.

Published

|

Last Updated

2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഒരിക്കല്‍ കൂടി ചര്‍ച്ചാ മണ്ഡലത്തിലേക്ക് വന്നിരിക്കുകയാണ്. 40 ധീര ജവാന്മാരുടെ മരണത്തിനിടയാക്കിയ ആ ആക്രമണം ഗുരുതരമായ സുരക്ഷാ പരാജയത്തിന്റെ സൃഷ്ടിയാണെന്ന വെളിപ്പെടുത്തലാണ് അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയിരിക്കുന്നത്. പുല്‍വാമയിലെ സംഭവവികാസങ്ങള്‍ക്ക് പിറകേ നിരവധിയായ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നതാണ്.

ജവാന്മാരെയുമായി പോയ വാഹനവ്യൂഹത്തിന് നേരേ സ്‌ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറ്റാന്‍ തീവ്രവാദികള്‍ക്ക് എങ്ങനെ സാധിച്ചുവെന്നും അത്രക്ക് നിസ്സാരവും അനായാസം ഭേദിക്കാവുന്നതുമാണോ നമ്മുടെ സൈനികരുടെ സുരക്ഷയെന്നും അന്നേ ചോദ്യമുയര്‍ന്നു.

എന്തൊക്കെ നിഗൂഢതകളാണ് ആ ക്രൂരതക്ക് പിന്നിലുണ്ടായിരുന്നത്? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമുണ്ടായില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ആക്രമണവും തുടര്‍ന്ന് നടന്ന ബാലാകോട്ട് മിന്നല്‍ പ്രത്യാക്രമണവും നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ചയിലേക്കുള്ള രാഷ്ട്രീയ ഊര്‍ജമായി മാറിയെന്ന വസ്തുത മാത്രം അവശേഷിച്ചു.

തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ചര്‍ച്ചയായി മാറിയ നോട്ട് നിരോധനത്തിന്റെ കെടുതിയടക്കമുള്ള ജനകീയ വിഷയങ്ങളെല്ലാം അപ്രസക്തമാകുകയും ദേശ സുരക്ഷ, പാക്കിസ്ഥാന്റെ വെല്ലുവിളി, അതിന് നല്‍കിയ മറുപടി, ദേശത്തിന്റെ കരുത്ത്, നേതാവിന്റെ ഇച്ഛാ ശക്തി തുടങ്ങിയ ഹൈവോള്‍ട്ട് ദേശീയത മാത്രം അവശേഷിക്കുകയും ചെയ്തു. അതോടെ പ്രതിപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ മുഴുവന്‍ പാഴായി. ഇക്കാര്യങ്ങളെല്ലാം പല തവണ ചര്‍ച്ചയായതാണെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയ ഉന്നതരുമായി ആത്മബന്ധം പുലര്‍ത്തുകയും ചെയ്ത ഒരാള്‍ പുല്‍വാമയുടെ കാര്യം വിളിച്ചു പറയുമ്പോള്‍ തീര്‍ച്ചയായും അത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഒരക്ഷരം പുറത്ത് പറയരുതെന്ന് ഉന്നതര്‍ നിഷ്‌കര്‍ഷിച്ചുവെന്നത് പ്രത്യേകിച്ചും. അദ്ദേഹം വാക്കിന് വിലയില്ലാത്തയാളാണെന്ന ആരോപണമുയര്‍ത്തി ചോദ്യങ്ങളെ കുഴിച്ചു മൂടാനാകില്ല. സത്യപാല്‍ മാലിക് പറഞ്ഞ കാര്യങ്ങള്‍ കരസേനാ മുന്‍ മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി ശരിവെക്കുക കൂടി ചെയ്തതോടെ ഈ വിഷയത്തിന് കൂടുതല്‍ ആധികാരികത കൈവന്നിരിക്കുന്നു.

സത്യപാല്‍ മാലിക് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സി പരിശോധനക്ക് വിധേയമാക്കണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. സത്യം ജനമറിയട്ടെ. “ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. പ്രധാനമന്ത്രി കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കിലായിരുന്നു. അവിടെ ഫോണുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ നിന്ന് പുറത്തുവന്ന് ഒരു ധാബയില്‍ നിന്നാണ് എന്നെ വിളിച്ചത്, സത്യപാല്‍, എന്താണുണ്ടായത്? നമ്മുടെ വീഴ്ച കൊണ്ടാണ് ഇതുണ്ടായതെന്നതില്‍ എനിക്ക് വലിയ സങ്കടമുണ്ടെന്നും അവര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനം കൊടുത്തിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ലെന്നും ഞാന്‍ പറഞ്ഞു. അതിനെക്കുറിച്ച് ഇനിയൊന്നും സംസാരിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെട്ടു’- മാലിക് അഭിമുഖത്തില്‍ പറയുന്നു. ജവാന്മാരുടെ യാത്രാപഥത്തില്‍ പഴുതുകളടച്ചുള്ള സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനായില്ലെന്ന് മാലിക് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ആ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ഒഴിഞ്ഞു മാറാനാകില്ലെന്ന് ജനറല്‍ ചൗധരിയും വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ വന്‍ രാഷ്ട്രീയ പ്രചാരണത്തിനും പ്രക്ഷോഭത്തിനും പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. അതിന് മുന്നോടിയായി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. രാഷ്ട്രീയ ആരോപണ, പ്രത്യാരോപണങ്ങള്‍ അവിടെ നില്‍ക്കട്ടെ. തീവ്ര ദേശീയത പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ബി ജെ പിയെപ്പോലെയൊരു പാര്‍ട്ടി പുല്‍വാമ ആക്രമണത്തെയും ബാലാകോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നത് സ്വാഭാവികമായ കാര്യമാണ്. അതിനായി ആക്രമണം സൃഷ്ടിക്കപ്പെട്ടോ എന്നതാണ് ചോദ്യം? പതിവു സുരക്ഷ ഒരുക്കിയാല്‍ പോലും ഈ ആക്രമണം ഒഴിവാക്കാമായിരുന്നില്ലേ? ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികള്‍ ഏറ്റുവാങ്ങേണ്ടി വന്ന ജവാന്മാരുടെ കുടുംബങ്ങളോട് രാജ്യം എന്ത് മറുപടി പറയും? സൈനികരുടെ മഹത്വം നിരന്തരം ഉദ്‌ഘോഷിക്കുന്നവര്‍ ഭരണം കൈയാളുമ്പോള്‍ ഈ രക്തസാക്ഷിത്വത്തെ മാനിക്കേണ്ടതല്ലേ?

ഭീകരാക്രമണ ഭീഷണിയുള്ള അതിസുരക്ഷാ മേഖലയില്‍ 2,547 സി ആര്‍ പി എഫ് ജവാന്മാരുമായി 78 വാഹനങ്ങളടങ്ങിയ വ്യൂഹം കടന്നുവരുമ്പോള്‍ ഇടറോഡില്‍ നിന്ന് കുതിച്ചെത്തിയ ഒരു വാഹനം സൈനിക ട്രക്കില്‍ ഇടിച്ചുകയറ്റുകയായിരുന്നുവല്ലോ. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായ കശ്മീര്‍ താഴ്്വരയില്‍ ഇത്രയും വലിയ സൈനിക വാഹന വ്യൂഹം നീങ്ങുമ്പോള്‍ ഇടറോഡുകളില്‍ ഭീകരര്‍ ബോംബുകൂമ്പാരവുമായി സഞ്ചരിച്ചതെങ്ങനെ? ആ ദിനങ്ങളിലെ ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ളതായിരുന്നു. ബോംബ് നിറച്ച വാഹനവുമായി തീവ്രവാദി ദിവസങ്ങളോളം ഈ വഴികളിലൂടെ സഞ്ചരിച്ചുവെന്നാണ് പിന്നീട് തെളിഞ്ഞത്.

പുല്‍വാമയുടെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തുവെങ്കിലും ആക്രമണ പദ്ധതി നടപ്പാക്കിയതെങ്ങനെയെന്നത് സംബന്ധിച്ചോ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നതിനെക്കുറിച്ചോ കൃത്യമായ ധാരണ പങ്കുവെക്കാന്‍ എന്‍ ഐ എക്ക് സാധിച്ചിട്ടില്ല. കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നാവടക്കാന്‍ സത്യപാല്‍ മാലിക്കിനോട് പറഞ്ഞവര്‍ ഇപ്പോള്‍ പ്രതികരിച്ചേ തീരൂ. ഇല്ലെങ്കില്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഇരു രാജ്യത്തെയും രാഷ്ട്രീയ നേതൃത്വത്തിന്റെ പവര്‍ ഗെയിമിലെ കരുക്കള്‍ മാത്രമാണെന്ന ധാരണ ഊട്ടിയുറപ്പിക്കപ്പെടും. സൈനികരുടെ മനോവീര്യം തകര്‍ന്നടിയും. പുല്‍വാമ സുരക്ഷാ അട്ടിമറി തന്നെയായിരുന്നുവെന്ന നിഗമനത്തിലെത്തേണ്ടി വരും.

Latest