National
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പിടിയിലായയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് മുംബൈ പോലീസ്
കേസില്‍ ഇതുവരെ ആരു അറസ്റ്റിലായിട്ടില്ല.
മുംബൈ | നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിലായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പോലീസ്. ഇന്ന് മുംബൈയില്‍ പിടിയിലായയാള്‍ക്ക് സെയ്ഫ് സംഭവവുമായി ബന്ധമില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ പോലീസ് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയയാള്‍ സെയ്ഫിനെ കുത്തിയ കേസിലെ പ്രതിയാണെന്ന നിലക്കായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും കേസില്‍ ഇതുവരെ ആരു അറസ്റ്റിലായിട്ടില്ലെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെയ്ഫിനെ കുത്തിയയാള്‍ കൃത്യത്തിനു ശേഷം വസ്ത്രങ്ങള്‍ മാറി റെയില്‍ വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറി പോയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി പല്‍ഗര്‍ ജില്ലയിലെ വസായി, നലസോപര പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് പോലീസ് സംഘങ്ങള്‍. ആദ്യം 15 സംഘങ്ങളെയായിരുന്നു അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് 20 ആക്കി ഉയര്‍ത്തി. എന്നാല്‍ കൃത്യം നടന്ന 36 മണിക്കൂറോളം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.