National
സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം: ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ്
മുംബൈ | ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുംബൈ പോലീസ് മധ്യപ്രദേശില്‍ നിന്ന് ഒരാളെ പിടികൂടി. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചുകയറിയ വ്യക്തി കുത്തിപ്പരുക്കേല്‍പ്പിച്ചത്. കഴുത്തിനും നട്ടെല്ലിനും കുത്തേറ്റതിനാല്‍ സെയ്ഫ് അലി ഖാന്റെ നില ഗുരുതരമാണ്. ലീലാവതി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെ വീട്ടിലെ കോണിപ്പടിയില്‍ നില്‍ക്കുന്ന അക്രമിയുടെ സി സി ടി വി ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പുറത്തുവന്നിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ ദാദറിലെ കടയില്‍ നിന്ന് ഹെഡ്ഫോണ്‍ വാങ്ങുന്ന ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. സെയ്ഫ് അലി ഖാന്റെ ഇളയ മകന്‍ ജഹാംഗീര്‍ കിടക്കുന്ന മുറിയിലെത്തിയ അക്രമി മകനെ ബന്ദിയാക്കുകയും മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു.