Connect with us

Uae

ദുബൈ സൈഹ് അല്‍ സലാം സീനിക് റൂട്ടിന്റെ നവീകരണ പദ്ധതിക്ക് അംഗീകാരം

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, സേവനങ്ങള്‍ എന്നിവ ആവിഷ്‌കരിക്കും.

Published

|

Last Updated

ദുബൈ | സൈഹ് അല്‍ സലാം സീനിക് റൂട്ടിന്റെ നവീകരണ പദ്ധതിക്ക് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, സേവനങ്ങള്‍ എന്നിവ ആവിഷ്‌കരിക്കും.

അല്‍ ഖുദ്‌റ തടാകത്തിന് സമീപമുള്ള പ്രധാന ഹബ് സ്റ്റേഷനില്‍ പരമ്പരാഗത മാര്‍ക്കറ്റ് സ്ഥാപിക്കും. ഗ്രാമീണ മേഖലകളിലെ പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി കടകള്‍ ഇവിടെ ഉണ്ടാകും. ലാസ്റ്റ് എക്സിറ്റിന് സമീപം ഒരു ഓപണ്‍-എയര്‍ തീയേറ്റര്‍ സംവിധാനിക്കും. സന്ദര്‍ശകര്‍ക്ക് അല്‍ ഖുദ്്‌റ തടാകങ്ങള്‍ക്കരികെ ക്യാമ്പുകള്‍ ഒരുക്കും. ആക്ടിവിറ്റി സൈറ്റുകള്‍ക്ക് സമീപമുള്ള ആഡംബര മാര്‍ക്വീസുകളിലും ക്യാമ്പ് ചെയ്യാം. സന്ദര്‍ശകരെ പിന്തുണക്കുന്നതിന് പൊതു സൗകര്യങ്ങളും കൂട്ടിച്ചേര്‍ക്കും.

‘താമസക്കാരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും വിപുലമായ സൗകര്യങ്ങളും നല്‍കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.’ ശൈഖ് ഹംദാന്‍ എക്‌സില്‍ കുറിച്ചു. സൈഹ് അല്‍ സലാം സീനിക് റൂട്ടിന്റെ മാസ്റ്റര്‍ പ്ലാനില്‍ അഞ്ച് ടൂറിസ്റ്റ് സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും 97.86 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ഇത് പ്രദേശത്തെ മൊത്തം ട്രാക്ക് ദൈര്‍ഘ്യം 156.61 കിലോമീറ്ററായി ഉയര്‍ത്തുന്നു.

കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമ്പൂര്‍ണ ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2024 മുതല്‍ 2028 വരെ ഗ്രാമപ്രദേശങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇത്തരത്തില്‍ 37 പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. വികസന പദ്ധതികളുടെയും സംരംഭങ്ങളുടെയും പരമ്പരക്ക് ഏകദേശം 39 കോടി ദിര്‍ഹം ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. വന്യമൃഗ സംരക്ഷണ കേന്ദ്രം, സാഹസിക കേന്ദ്രം എന്നിവയും നിര്‍മിക്കും.