Connect with us

Kerala

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്വകാര്യ വിദ്യാലയത്തിന് സൈനിക് സ്‌കൂള്‍ പദവി

ആർ എസ് എസ് പ്രവർത്തകർക്ക് സെെനിക പരിശീലനം നൽകുക എന്നതാണ് അഗ്നിപഥിലൂടെ ലക്ഷ്യമിടുന്നത് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. സെെനിക സ്കൂളുകൾ കൂടി ആർ എസ് എസ് നിയന്ത്രണത്തിൽ വരുന്നത് ഇത്തരം സംശയങ്ങൾ ബലപ്പെടുത്തുകയാണ്. 

Published

|

Last Updated

കോഴിക്കോട് | ആര്‍ എസ് എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ വിദ്യാലയത്തിന് കേന്ദ്രസര്‍ക്കാര്‍ സൈനിക് സ്‌കൂള്‍ പദവി നല്‍കി. ആര്‍ എസ് എസ് നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതനു കീഴിലുള്ള വേദവ്യാസ വിദ്യാലയത്തിനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക് സ്‌കൂള്‍ പദവി ലഭിച്ചത്. 2022-23 വര്‍ഷത്തേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള നടപടികള്‍ സ്‌കൂള്‍ ആരംഭിച്ചു. രാജ്യത്തിന്റെ പ്രതിരോധസേനയിലെ ഉദ്യോഗസ്ഥന്മാരായി മാറുവാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുക എന്നതാണ് സൈനിക് സ്‌കൂളുകളുടെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്താണ് സൈനിക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ സൈനിക് സ്‌കൂള്‍ സൊസൈറ്റികളാണ് സൈനിക സ്‌കൂള്‍ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും. ഇന്ത്യന്‍ മിലിട്ടറിയിലെ ഓഫീസര്‍ കേഡര്‍മാര്‍ക്കിടയിലെ പ്രാദേശികവും വര്‍ഗപരവുമായ അസന്തുലിത്വം പരിഹരിക്കാനാണ് 1961 ല്‍ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ് മേനോന്‍ സൈനിക സ്‌കൂള്‍ എന്ന ആശയം നടപ്പാക്കിയത്. പൂനയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും (എന്‍ ഡി എ) ഇന്ത്യന്‍ നാവിക അക്കാഡമിലേക്കുമുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. ആര്‍ എസ് എസ് നിയന്ത്രണത്തില്‍ സൈനിക് സ്‌കൂള്‍ വരുന്നതോടെ വി കെ കൃഷ് മേനോന്‍ ഉയര്‍ത്തിയ ലക്ഷ്യം കൈവിടുമെന്നും ആശങ്കയുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 26 സൈനിക സ്‌കൂളുകളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിരോധ വകുപ്പിന്റേയും പരിധിയിലായിരുന്നു സൈനിക സ്‌കൂളുകളുടെ നടത്തിപ്പ്. പ്രതിരോധ സേനയില്‍ ഓഫീസര്‍ തലത്തില്‍ ഉണ്ടായ വിലയ തോതിലുള്ള കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാന്‍ 2008 ല്‍ കേന്ദ്രസര്‍ക്കാര്‍ ഓരോ സൈനിക് സ്‌കൂളിനും രണ്ടു കോടി രൂപവീതം നല്‍കി നവീകരിച്ചിരുന്നു.

പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള സൈനിക് സ്‌കൂളുകള്‍ സൊസൈറ്റിയാണു സൈനിക സ്‌കൂള്‍ നടത്തുന്നത്. ഒരു ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സിനു കീഴിലാണ് സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ബോഡി പ്രവര്‍ത്തിക്കുന്നത്. ഇത് പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തിക്കുന്നത്. സൈനിക് സ്‌കൂളുകളുടെ കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മമായ മേല്‍നോട്ടവും നിയന്ത്രണവും നിര്‍വഹിക്കാനായി പ്രതിരോധ സെക്രട്ടറി ചെയര്‍മാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ഇത്രയേറെ സൈനിക നിയന്ത്രണത്തിലുള്ള സൈനിക് സ്‌കൂള്‍ ആണ് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്വകാര്യ വിദ്യാലയത്തില്‍ ലഭ്യമായിരിക്കുന്നത്. സൈനിക് സ്‌കൂളുകളുടെ പാഠ്യേതര വിഷയങ്ങളില്‍ റണ്ണിംഗ് ട്രാക്കുകള്‍, ക്രോസ് കണ്‍ട്രി ട്രാക്കുകള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, പരേഡ് ഗ്രൗണ്ട്, ബോക്സിംഗ് റിങ്ങുകള്‍, വെടിവയ്പ് പരിശീലനങ്ങള്‍, കനോയിംഗ് ക്ലബ്ബുകള്‍, കുതിര സവാരി ക്ലബുകള്‍, പര്‍വ്വതാരോഹണ ക്ലബുകള്‍, ട്രെക്കിങ്, ഹൈക്കിങ് ക്ലബ്ബ്, പ്രതിരോധ കോഴ്സുകള്‍, ഫുട്ബോള്‍, ഹോക്കി, ക്രിക്കറ്റ് ഫീല്‍ഡുകള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍ സാധാരണ ഒരു സി ബി എസ് സി സ്‌കൂളായ വേദവ്യാസയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ സൈനിക സ്‌കൂള്‍ പദവി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് സൈനിക സേവനം കരാര്‍ വത്കരിക്കുന്നതിനു നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയുടെ തുടര്‍ച്ചയാണ് സൈനിക് സ്‌കൂല്‍ ആര്‍ എസ് എസ് നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് എന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പതിനേഴര വയസ്സായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ആർ എസ് എസ് പ്രവർത്തകർക്ക് സെെനിക പരിശീലനം നൽകുക എന്നതാണ് അഗ്നിപഥിലൂടെ ലക്ഷ്യമിടുന്നത് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. സെെനിക സ്കൂളുകൾ കൂടി ആർ എസ് എസ് നിയന്ത്രണത്തിൽ വരുന്നത് ഇത്തരം സംശയങ്ങൾ ബലപ്പെടുത്തുകയാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്