Connect with us

saji cheriyan

സജി ചെറിയാന്റെ എം എല്‍ എ സ്ഥാനം: ഹരജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം എല്‍ എയെ എങ്ങനെ അയോഗ്യനാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജിക്കാരോട് ആരാഞ്ഞു.

Published

|

Last Updated

കൊച്ചി | ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ എം എല്‍ എ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ഹരജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം എല്‍ എയെ എങ്ങനെ അയോഗ്യനാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജിക്കാരോട് ആരാഞ്ഞു.

മലപ്പുറം ഏലംകുളം ചെറുകര സ്വദേശിയായ ബിജു പി ചെറുമന്‍, വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജികള്‍ നിലനില്‍ക്കുന്നതല്ലെന്നും തള്ളണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് എ ജി വ്യക്തമാക്കി.

വിവാദ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഹരജികളിലെ നിയമപ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ട് എ ജിയോട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹരജി ആഗസ്ത് രണ്ടിന് പരിഗണിക്കാന്‍ മാറ്റി.

 

 

Latest