Connect with us

Saji Cherian's Controversial Remarks

സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ല; വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്

പോലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നുണ്ട്.

Published

|

Last Updated

പത്തനംതിട്ട | മല്ലപ്പള്ളി പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മന്ത്രിയായിരുന്ന സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ച് പോലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മന്ത്രി ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. യാദൃച്ഛികമായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എം എല്‍ എമാരടക്കമുള്ളവരുടെ മൊഴികളും മുന്‍ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. പോലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നുണ്ട്. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

Latest